Quantcast

അബൂ ഉബൈദയുടെ ഫാൻസുകളാവുന്നത് അപകടം: കേരള ജംഇയ്യത്തുൽ ഉലമ

ഫലസ്തീൻ വിഷയത്തെ ശീഈ ഇഖ്‌വാനി ചിന്തകളിലേക്ക് ആളെ കൂട്ടാനുള്ള രാഷ്ട്രീയ ആയുധമായി ചിലർ ഉപയോഗിക്കുന്നുവെന്നും കെ.ജെ.യു ആരോപിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2023-12-16 12:54:56.0

Published:

16 Dec 2023 12:12 PM GMT

It is dangerous to be Abu Ubaydahs fans says kerala jamiyyathul ulama
X

കോഴിക്കോട്: അബൂ ഉബൈദയുടെയും ഹമാസിന്റേയും ഫാൻസുകളാവണമെന്ന് പ്രചരിപ്പിക്കുന്നത് അപകടകരമാണെന്ന് മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുജാഹിദ് പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുൽ ഉലമ. ഫലസ്തീൻ വിഷയത്തെ ശീഈ ഇഖ്‌വാനീ ചിന്തകളിലേക്ക് ആളെ കൂട്ടാനുള്ള രാഷ്ട്രീയ ആയുധമായി ചിലർ ഉപയോഗിക്കുന്നുവെന്നും കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് മദനി, സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.

ഫലസ്തീൻ വിഷയത്തിൽ കേരള ജംഇയ്യത്തുൽ ഉലമയും കേരളാ നദ്‌വത്തുൽ മുജാഹിദീനും വച്ചുപുലർത്തുന്ന നിലപാടുകൾ വിശദീകരിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് വിമർശനങ്ങൾ.

പ്രസ്താവനയുടെ പൂർണരൂപം:

''ഫലസ്തീൻ വിഷയത്തിൽ കേരള ജംഇയ്യത്തുൽ ഉലമയും കേരള നദ്‌വത്തുൽ മുജാഹിദീനും വച്ച് പുലർത്തുന്ന നിലപാടുകൾ കൃത്യമായി വിശദീകരിക്കപ്പെടേണ്ടതാണ്. ഫലസ്തീൻ പ്രശ്‌നം ആരംഭിച്ച കാലം മുതൽ ഫലസ്തീനിനും ഖ്വുദ്‌സിനും വേണ്ടിയാണ് ലോകത്തെങ്ങുമുള്ള സലഫി പ്രസ്ഥാനങ്ങളെപ്പോലെ മുജാഹിദുകളം നിലകൊണ്ടിട്ടുള്ളത്.

അതേസമയം തന്നെ ഫലസ്തീൻ അടക്കമുള്ള പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശീഈ ഇഖ്‌വാനീ ഗൂഢാലോചനകളെ മുജാഹിദ് പ്രസ്ഥാനം എക്കാലവും തുറന്നുകാണിച്ചിട്ടുണ്ട്. ഫലസ്തീൻ, റോഹിൻഗ്യ പോലെയുള്ള പ്രദേശങ്ങളിലെ മുസ്‌ലിം പ്രശ്‌നങ്ങളിൽ കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയും വർഷങ്ങളായി അവരെ സംരക്ഷിക്കുകയും ചെയ്യന്ന സൗദി അറേബ്യ അടക്കമുള്ള അറബ് രാഷ്ട്രങ്ങളെയും അവിടെയുള്ള സലഫി പണ്ഡിതരെയും ചിലർ ആക്ഷേപിക്കുമ്പോൾ ചരിത്രവും വസ്തുതകളും മുൻനിർത്തി മുജാഹിദുകൾ യാഥാർഥ്യം വിശദീകരിക്കാറുമുണ്ട്.

ഹമാസിന്റെ ആദർശപരവും രാഷ്ട്രീയപരവും അല്ലാത്തതുമായ പല നിലപാടുകളോടുംം വിയോജിപ്പുകൾ നിലനിൽക്കെ തന്നെ, ഇപ്പോൾ നടക്കുന്ന അതിക്രൂരമായ ഫലസ്തീൻ വേട്ടയിലും ജൂത സയണിസ്റ്റ് ഇസ്രായേൽ നടത്തുന്ന മനുഷ്യത്വത്തിന് നിരക്കാത്ത നരഹത്യയിലും ഫലസ്തീനികളോടൊപ്പവും സയണിസ്റ്റുകൾക്കെതിരെ ഫലസ്തീൻ നടത്തുന്ന ചെറുത്തുനിൽപ്പിനോടൊപ്പവും നിൽക്കുക എന്ന ലോക സലഫി പണ്ഡിതന്മാർ സ്വീകരിക്കുന്ന സമീപനം തന്നെയാണ് മുജാഹിദുകൾ സ്വീകരിക്കുന്നത്. ഫലസ്തീനികൾക്ക് വേണ്ടി നിരന്തരം പ്രാർഥനകൾ നടത്താനും അറബ് രാജ്യങ്ങൾ നടത്തുന്ന സമാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും മുജാഹിദ് പ്രസ്ഥാനംം അതിന്റെ പ്രവർത്തകർക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.

ഫലസ്തീൻ വിഷയത്തെ ശീഈ ഇഖ്‌വാനീ ചിന്തകളിലേക്ക് ആളെ കൂട്ടാനുള്ള രാഷ്ട്രീയ തന്ത്രമായി ആഗോളതലത്തിലും കേരളത്തിലും ചിലർ ഉപയോഗിക്കുന്നു എന്നത് വസ്തുതയാണ്. ഇറാൻ വിപ്ലവ സമയത്ത് അത് ഇസ്ലാമിക വിപ്ലവമാണ് എന്ന് പ്രചരിപ്പിച്ചവരും അറബ് രാജ്യങ്ങളിൽ നടക്കുന്ന അട്ടിമറി ശ്രമങ്ങൾക്ക് ഇസ്ലാമിന്റെ നിറം നൽകാൻ ശ്രമിച്ചവരുമാണ് ഇപ്പോൾ ഹമാസാണ് ഇസ്ലാം എന്നും നാം ഹമാസിന്റേയും അബൂ ഉബൈദയുടേയും ഫാൻസുകൾ ആവണമെന്നും ജുമുഅ ഖുത്ബകളിലടക്കം പ്രചരിപ്പിക്കുന്നത്. ഇതിന്റെ അപകടത്തെ കുറിച്ച് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

എന്നാൽ അതൊരിക്കലും ജൂത സയണിസ്റ്റ് ലോബികളുടെ ക്രൂരതയെയോ ഇസ്ലാമിനോട് അവർക്കുള്ള ശത്രുതയെയോ കുറച്ചുകാണിക്കുന്ന തരത്തിലാവാൻ പാടില്ല. അങ്ങനെ തോന്നിക്കുന്ന പരാമർശങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാടല്ല. ഏതെങ്കിലും പ്രഭാഷകരുടെ വാക്കുകൾക്കിടയിൽ വന്ന സ്ഖലിതങ്ങൾ ഉയർത്തിക്കാട്ടിയോ സന്ദർഭങ്ങളിൽ നിന്ന് അടർത്തിമാറ്റി ഉദ്ധരിച്ച് തെറ്റിദ്ധരിപ്പിച്ചോ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാട് ഫലസ്തീനികൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ വൈകാരികതയേക്കാൾ വസ്തുതകൾ പഠിക്കാനും നിലപാടുകൾ സ്വീകരിക്കാനുമാണ് നാം തയാറാവേണ്ടത്. ശീഈ വിരോധം ജൂത സയണിസ്റ്റ് ക്രൂരതകൾക്കെതിരെ കണ്ണടയ്ക്കാനോ ജൂതന്മാരോടുള്ള വിരോധം ശീഈ അതിക്രമങ്ങളെയും കുതന്ത്രങ്ങളേയും തിരിച്ചറിയാതിരിക്കാനോ പ്രേരിപ്പിക്കരുത്''.

TAGS :

Next Story