'മതേതര വോട്ടുകൾ മാത്രം മതി,അവരുടെ വോട്ട് കൊണ്ട് ജയിച്ചാല്‍ മതി..'; ഷാഫി പറമ്പിൽ
''മതത്തിന്റെ പ്ലസുള്ള വോട്ടുകൾ വേണ്ട''
വടകര: മതേതര വോട്ടുകൾ കൊണ്ട് ജയിച്ചാല്‍ മതിയെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസുള്ള വോട്ടുകൾ വേണ്ടെന്നും ഞങ്ങൾക്ക് വേണ്ടത് മതേതരത്വത്തിന്റെ പ്ലസാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ നാടിന്‍റെ ഐക്യത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരും മതേതരത്വവും രാജ്യത്തിന്റെ ജനാധിപത്യ ബോധവും സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്ന് അകത്തും പുറത്തും കരുതുന്നവരുടെ വോട്ട് കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മതത്തിന്റെ ഒരു പ്ലസും ഞങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല'. അദ്ദേഹം പറഞ്ഞു.
കെ.കെ ശൈലജയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തികരമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇത്തരം ഒരു വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചത് തരം താഴ്ന്ന നടപടിയാണെന്നും, താനാണ് യഥാർത്ഥത്തിൽ നിയമനടപടി സ്വീകരിക്കേണ്ടതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അപകീർത്തിപരമായ രീതിയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കെ കെ.ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അധിക്ഷേപം യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണെന്നായിരുന്നു പരാതി.
വനിതാ പ്രവർത്തകർക്കൊപ്പം റോഡ് ഷോയോടെയായിരുന്നു ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.
Adjust Story Font
16