ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ല: അപർണ ബാലമുരളി
തങ്കം സിനിമയുടെ പ്രമോഷനും യൂണിയൻ ഉദ്ഘാടനത്തിനുമായി എറണാകുളം ലോ കോളജിൽ എത്തിയപ്പോഴായിരുന്നു അപർണക്ക് നേരേ വിദ്യാർഥിയുടെ മോശം പെരുമാറ്റം
കൊച്ചി: ലോ കോളേജ് വിദ്യാർഥിയുടെ മോശം പെരുമാറ്റം വേദനിപ്പിച്ചുവെന്ന് നടി അപർണ ബാലമുരളി. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്നും ഇത് ഒരു നിയമവിദ്യാർഥി മനസ്സിലാക്കിയില്ല എന്നുള്ളത് ഗുരുതരമാണെന്നും സംഭവത്തിൽ പ്രതികരിക്കവേ അപർണ പറഞ്ഞു.
"ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ദേഹത്ത് സ്പർശിക്കുന്നത് ശരിയല്ലെന്ന് ഒരു നിയമവിദ്യാർഥി മനസ്സിലാക്കിയില്ല എന്നുള്ളത് ഗുരുതരമാണ്. കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് തന്നെ ശരിയല്ല. അപ്പോഴാണ് തോളിൽ കയ്യിടാൻ ശ്രമിക്കുന്നത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. സംഭവത്തിൽ പരാതി കൊടുക്കുന്നില്ല,പുറകേ നടക്കാൻ സമയമില്ല എന്നത് കൊണ്ടു മാത്രമാണത്. എന്റെ എതിർപ്പും അനിഷ്ടവും തന്നെയാണ് ഇപ്പോഴത്തെ മറുപടി". അപർണ പറഞ്ഞു.
സംഭവത്തിൽ സംഘാടകരോട് തനിക്ക് പരിഭവമില്ലെന്നറിയിച്ച അപർണ സംഭവം നടന്നയുടനെ തന്നെ സംഘാടകർ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.
തങ്കം സിനിമയുടെ പ്രമോഷനും യൂണിയൻ ഉദ്ഘാടനത്തിനുമായി എറണാകുളം ലോ കോളജിൽ എത്തിയപ്പോഴായിരുന്നു അപർണക്ക് നേരേ വിദ്യാർഥിയുടെ മോശം പെരുമാറ്റം. രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥി വിഷ്ണുവാണ് മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിഷ്ണു അപർണയെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ നടി വഴുതി മാറാൻ ശ്രമിക്കുകയും 'എന്താടോ ലോ കോളജ് അല്ലേ എന്ന് ചോദിക്കുകയും ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ സ്തബ്ധയായി പോയെന്ന് അപർണ പിന്നീട് ഫേസ്ബുക്കിലും കുറിച്ചിരുന്നു.
സംഭവത്തെ തുടർന്ന് വിഷ്ണുവിനെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കോളജ് സ്റ്റാഫ് കൗൺസിലിന്റേതാണ് നടപടി. വിഷ്ണു കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാട്ടിയാണ് സസ്‌പെൻഷൻ.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാർഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്നും താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും യൂണിയൻ വ്യക്തമാക്കി
Adjust Story Font
16