300 രൂപ തന്നാൽ മറ്റൊരു തത്വവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസമല്ല: എം.എ ബേബി
''ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാനാണ്. കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവികൊടുക്കില്ല''
തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 300 രൂപ തന്നാൽ മറ്റൊരു തത്വവും ഇല്ലെന്നാണ് ബിഷപ് പറഞ്ഞത്. അത് ക്രിസ്തീയ വിശ്വാസം അല്ല. ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാനാണ്. കേരളത്തിലെ ക്രിസ്തുമത വിശ്വാസികൾ പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവികൊടുക്കില്ല. എം.എ ബേബി വിമർശിച്ചു.
അതേസമയം ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് രണ്ട് ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. റബ്ബറിന്റെ വിലത്തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്ന് ബി.ജെ.പി വ്യക്തമാക്കി.
ബി.ജെ.പി സഹായിച്ചാൽ തിരിച്ചും സഹായിക്കാൻ മടിയില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്നലെ പറഞ്ഞത് ഏറെ വിവാദമായിരുന്നു. മലയോര കർഷകരുടെ ഗതികേടാണ് ഞാൻ പറഞ്ഞത്. രാജ്യം ഭരിക്കുന്ന കക്ഷിയോട് ഒരു സഭയ്ക്കും അകൽച്ചയില്ല. ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.
'ജപ്തി നോട്ടീസുകൾ കുടുംബങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് മലയോര കർഷകർക്ക് മുന്നിലുള്ളത്. സമ്പൂർണ്ണമായ അന്ധകാരം മാത്രമാണ് കർഷകൻറെ മുമ്പിലുള്ളത്. ആകെ കൂടിയുള്ള അവരുടെ വരുമാന മാർഗം റബർ കൃഷിയാണ്.
Adjust Story Font
16