കെ റെയിൽ കല്ലിടുന്നത് ആരാണെന്ന് വ്യക്തമല്ല; വി.ഡി സതീശൻ
സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട. കല്ലിടൽ തുടങ്ങിയാൽ പിഴുതെറിയുമെന്നും സതീശൻ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: കെ റെയിൽ കല്ലിടുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാവരും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. ആരാണ് കല്ലിടുന്നതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ദുരൂഹത തുടരുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ബഫർ സോണിനെ സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. പദ്ധതി ചെലവിലും അവ്യക്തത നില നിൽക്കുന്നുണ്ട്. ഡാറ്റാ കൃത്രിമം ആണ് ഇവിടെ നടന്നിരിക്കുന്നത്. നുണയ്ക്ക് മീതെ നുണ പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു. വകുപ്പുകളും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല. ആർക്കും ധാരണയില്ലാത്ത പദ്ധതിയായി കെ റെയിൽ മാറി. പൊലീസിന്റെ വിരട്ടൽ വേണ്ട. സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട. കല്ലിടൽ തുടങ്ങിയാൽ പിഴുതെറിയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
നേരത്തെ കെ റെയിൽ കല്ലിടലിനെ കൈയൊഴിഞ്ഞ് റവന്യു വകുപ്പ് രംഗത്തെത്തിയിരുന്നു. കല്ലിടുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രി കെ രാജൻറെ പ്രസ്താവന. കല്ലിടാൻ വകുപ്പ് നിർദേശിച്ചിട്ടില്ല. കെ. റെയിൽ ആവശ്യപ്രകാരമാണ് കല്ലിടുന്നത്. കല്ലിടാൻ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്. സാമൂഹ്യ ആഘാത പഠനം എതിരായാൽ കല്ല് എടുത്ത് മാറ്റും. അങ്ങനെ മുൻപ് ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയിൽ ആവശ്യപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതെസമയം കല്ലിടുന്നത് റവന്യൂ വകുപ്പിൻറെ തീരുമാനപ്രകാരമെന്ന വാർത്ത കെ റെയിൽ നിഷേധിച്ചു. കല്ലിടാൻ നിർദേശിച്ചത് ആരെന്ന് വ്യക്തമാക്കാതെയായിരുന്നു കെ-റെയിൽ ഫേസ് ബുക്ക് പോസ്റ്റ്. അതേസമയം കല്ലിടാൻ നിർദ്ദേശിച്ചത് റവന്യു വകുപ്പാണെന്ന വാർത്തയും കെ റെയിൽ നിഷേധിച്ചിട്ടുണ്ട്.
Adjust Story Font
16