താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ്;പ്രതികളെ തിരിച്ചറിയാത്തതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
കേസ് ഡയറി കാണാതായത് പോലീസിൽ നിന്നല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ പ്രതികളെ തിരിച്ചറിയാത്തതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട് . വിചാരണ വൈകിയതാണ് പ്രതികളെ തിരിച്ചറിയാതിരിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് ഡയറി കാണാതായത് പോലീസിൽ നിന്നല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ ഡി വൈ എസ് പി ജയ്സൺ പി എബ്രഹാം , ബിജുരാജ് തുടങ്ങിയ പൊലീസ് ഓഫീസർമാർക്ക് വിചാരണ വേളയിൽ പ്രതികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഏഴാം സാക്ഷി റിട്ടയർഡ് സി പി ഒ പുരുഷോത്തമൻ വിചാരണ വേളയിൽ കൂറുമാറുകയും ചെയ്തു. ഇതോടെയാണ് വിചാരണ വേളയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പൊലീസും അന്വേഷണം തുടങ്ങിയത്. സ്പെഷൽ ബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. കോടതിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. 10 വർഷത്തിന് ശേഷം വിചാരണ നടക്കുന്നതിനാൽ പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയാതിരുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്റെ കേസ് ഡയറി കാണാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറി കാണാതായത് പൊലീസിന്റെ കയ്യിൽ നിന്നല്ലെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. പ്രോസിക്യൂഷൻ ഓഫീസിലെ ലെയ്സൺ ഓഫീസർ കേസ് ഡയറി ഒപ്പിട്ട് വാങ്ങിയതിന്റെ രേഖകൾ ഉണ്ട് . എവിടെ നിന്നാണ് കാണാതായതെന്ന് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു സിവിൽ പൊലീസ് ഓഫീസറെ കൂടി സാക്ഷി വിസ്താരം നടത്താനുണ്ട്. ഇതിന് ശേഷമാകും അന്തിമ റിപ്പോർട്ട് കൈമാറുക. അന്നത്തെ അനേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി സദാനനന്ദനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അനുമതി തേടി .
Adjust Story Font
16