Quantcast

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: വിവാദങ്ങളിൽ നിർണായക തീരുമാനമുണ്ടാകും

എം.എസ്.എഫ്- ഹരിത തർക്കത്തിൽ വിവാദം ഇനിയും അവസാനിക്കാത്തതിനാൽ ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മുസ്‌ലിം ലീഗ് ഉപസമിതി സമർപ്പിച്ച പ്രവർത്തന നയരേഖയിലും ചർച്ച നടക്കും

MediaOne Logo

Web Desk

  • Updated:

    2021-09-08 01:27:27.0

Published:

8 Sep 2021 1:24 AM GMT

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്: വിവാദങ്ങളിൽ നിർണായക തീരുമാനമുണ്ടാകും
X

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. എം.എസ്.എഫ്- ഹരിത തർക്കത്തിൽ വിവാദം ഇനിയും അവസാനിക്കാത്തതിനാൽ ഇന്നത്തെ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മുസ്‌ലിം ലീഗ് ഉപസമിതി സമർപ്പിച്ച പ്രവർത്തന നയരേഖയിലും ചർച്ച നടക്കും. ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിൽ രാവിലെ പത്ത് മണിക്കാണ് യോഗം.

എം.എസ്.എഫ്- ഹരിത വിവാദം അവസാനിച്ചെന്നും ഇരു വിഭാഗത്തിന്റെയും അഭിപ്രായങ്ങൾ പരിഗണിച്ചാണ് അന്തിമ തീരുമാനമെടുത്തതെന്നുമാണ് ലീഗ് നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കുമെന്നും നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ വനിത കമ്മീഷനിൽ നൽകിയ പരാതി ഇനിയും ഹരിത നേതൃത്വം പിൻ വലിച്ചിട്ടില്ല.

കൂടാതെ ഹരിത- എം.എസ്.എഫ് തർക്കത്തിൽ പാർട്ടി തീരുമാനത്തിനെതിരെ എം.എസ്.എഫ് ദേശിയ വൈസ് പ്രസിഡന്റും മുൻ ഹരിത ഭാരവാഹിയുമായ ഫാത്തിമ തഹ്‌ലിയ പരസ്യ പ്രതികരണം നടത്തി. ഈ സാഹചര്യം ഗൗരവമായാണ് നേതൃത്വം കാണുന്നത്. ഇന്നത്തെ ഉന്നതാധികാര സമിതി യോഗത്തിൽ വിഷയത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും.

ഇതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ മുസ്‌ലിം ലീഗ് രൂപീകരിച്ച പത്തംഗ സമിതി സമർപ്പിച്ച ഭാവി പ്രവർത്തന നയരേഖയിലും വിശദമായ ചർച്ച നടക്കും. കമ്മറ്റി മുന്നോട്ടുവെക്കുന്ന സുപ്രധാന നിർദേശം നേതാക്കള്‍ അണികളിലേക്ക് ഇറങ്ങണമെന്നതാണ്. വാർഡ് തലത്തിലുള്ള ഭാരവാഹികളുമായി സംസ്ഥാന നേതൃത്വം നേരിട്ട് സംവദിക്കണമെന്നും സമിതി നിർദേശിക്കുന്നു.

TAGS :

Next Story