Quantcast

ന്യൂനപക്ഷ ക്ഷേമ പദ്ധതി : ഹൈക്കോടതി വിധി അനീതിയെന്ന് ജമാഅത്തെ ഇസ്‌ലാമി

മൊത്തം ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്‌ലിംകൾക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം കേരളത്തിൽ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന് സാധൂകരണം നൽകുന്നതാണ് കോടതി വിധി

MediaOne Logo

Web Desk

  • Updated:

    2021-05-28 15:25:09.0

Published:

28 May 2021 3:18 PM GMT

ന്യൂനപക്ഷ ക്ഷേമ പദ്ധതി : ഹൈക്കോടതി വിധി അനീതിയെന്ന് ജമാഅത്തെ ഇസ്‌ലാമി
X

ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ വിധി മുസ്‌ലിം സമുദായത്തോടുള്ള അനീതിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആരംഭിച്ചതിന്റെ പശ്ചാതലവും ലക്ഷ്യവും മനസ്സിലാക്കാതെയുള്ളതാണ് ഹൈക്കോടതി വിധി തീർപ്പ്. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ജമാഅത്ത് അമീർ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ച് ശിപാർശ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച രജീന്ദർ സച്ചാർ കമ്മീഷൻ ശിപാർശ കേരളത്തിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഇത് നൂറു ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ 2015 ലെ സർക്കാർ ഉത്തരവ് പ്രകാരം 20 ശതമാനം ഇതര ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചു കൊടുക്കുകയായിരുന്നു. ഇതുതന്നെ അനീതിയായിരുന്നു.

മൊത്തം ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്‌ലിംകൾക്ക് ലഭിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം കേരളത്തിൽ വലിയ രീതിയിൽ നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന് സാധൂകരണം നൽകുന്നതാണ് കോടതി വിധി. സാമുദായിക ധ്രുവീകരണത്തിനും സ്പർധക്കും കാരണമാകുമെന്നതിനാൽ ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച വസ്തുതകൾ പുറത്തുവിടണമെന്ന് നിരവധി തവണ മുസ്‌ലിം സംഘടനകൾ സർക്കാറിനോടാവശ്യപ്പെട്ടതാണ്. സർക്കാർ അതിന് സന്നദ്ധമാകാത്തതു കൂടിയാണ് ഇത്തരമൊരു വിധി വരാനുണ്ടായ സാഹചര്യം.

പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വീതംവെക്കണമന്ന വിധിയും അംഗീകരിക്കാനാവില്ല. ഓരോ സമുദായത്തിന്റെയും പിന്നാക്കാവസ്ഥക്കാനുപാതികമായാണ് പദ്ധതികൾ നടപ്പിലാക്കേണ്ടത്. ഓരോ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ പഠിച്ച് ആവശ്യമെങ്കിൽ അതാത് വിഭാഗങ്ങൾക്കാവശ്യമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതാണ് ശരിയായ നിലപാട്. രാജ്യത്തെ ദലിത് വിഭാഗങ്ങളേക്കാൾ പിന്നാക്കമാണെന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയ മുസ്‌ലിം സമുദായത്തിന് ലഭ്യമായ ആനുകുല്യങ്ങൾ പോലും നിഷേധിക്കപ്പെടുമെന്നതിനാൽ അടിയന്തിര സ്വഭാവത്തിൽ അപ്പീൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും എം.ഐ.അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.

TAGS :

Next Story