Quantcast

ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമാണോ പരിപാവനത്വം? എന്റെ അഭിമാനത്തിനില്ലേ?: ജമീല പ്രകാശം

"എന്തു കൊണ്ട് എന്റെ പരാതി സെക്രട്ടറിയേറ്റിൽ നിന്ന് പോയില്ല. എന്നെ ഉപദ്രവിക്കുന്നത് കണ്ടതിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായത്"

MediaOne Logo

Web Desk

  • Published:

    28 July 2021 7:14 AM GMT

ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമാണോ പരിപാവനത്വം? എന്റെ അഭിമാനത്തിനില്ലേ?: ജമീല പ്രകാശം
X

തിരുവനന്തപുരം: കെഎം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫിലെ സാമാജികൻ പുറകുവശത്തുകൂടി വന്ന് എനിക്ക് കാണാൻ കഴിയാത്ത രീതിയിൽ ശാരീരികമായി ആക്രമിച്ചെന്ന് സിപിഎം മുൻ എംഎൽഎ ജമീല പ്രകാശം. പരാതി നൽകിയിട്ടും പൊലീസ് കേസുമായി മുമ്പോട്ടു പോയില്ലെന്നും ജമീല കുറ്റപ്പെടുത്തി. പൊലീസ് തന്റെ പരാതി കീറിക്കളഞ്ഞു എന്നാണ് വിശ്വസിക്കുന്നതെന്നും അവർ ആരോപിച്ചു.

'വാച്ച് ആൻഡ് വാർഡൻ ഉദ്യോഗസ്ഥൻ വന്ന് സാമാജികനെതിരെ കൈപ്രയോഗം നടത്തിയാണ് എന്നെ രക്ഷിച്ചത്. ഇതെല്ലാം എല്ലാവരും കണ്ടതാണ്. നിയമസഭയിലെ പരിപാവനത്വം ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമേ ഉള്ള്വോ? അതിന് അകത്തെ ഒരു നിയമസഭാ സാമാജികയുടെ അഭിമാനത്തിന് പരിപാവനത്വമില്ലേ?' - അവർ ചോദിച്ചു.

'സംഭവത്തിൽ ലജിസ്ലേറ്ററിൽ സെക്രട്ടറിയേറ്റിൽ തന്നെ പരാതി നൽകിയിരുന്നു. ഡിജിപിയുടെ ഓഫീസിൽ കയറിയിറങ്ങിയിരുന്നു. അദ്ദേഹത്തെ നേരിട്ടു കണ്ട് പരാതി നൽകി. എന്തു കൊണ്ട് എന്റെ പരാതി സെക്രട്ടറിയേറ്റിൽ നിന്ന് പോയില്ല. എന്നെ ഉപദ്രവിക്കുന്നത് കണ്ടതിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായത്. ഞാൻ നീതിപീഠങ്ങളുടെ മുമ്പിൽ നിൽക്കുകയാണ്' - ജമീല പ്രകാശം മീഡിയ വണ്ണിനോട് പറഞ്ഞു.

'ഒരു സ്ത്രീയാണ് ആദ്യം ആക്രമിക്കപ്പെട്ടത്. അത് ആദ്യം പറയണം. ഒരു സ്ത്രീ ആയതു കൊണ്ടാണ് ഞാൻ ആക്രമിക്കപ്പെട്ടത്. ഞാനവിടെ കാറ്റു കൊള്ളാൻ പോയതല്ല. സിനിമ കാണാൻ പോയതല്ല. അന്നത്തെ മുഖ്യമന്ത്രിയാണ് എന്റെ ഒന്നാം സാക്ഷി.'- അവർ വ്യക്തമാക്കി.

അതിനിടെ, കയ്യാങ്കളിക്കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർക്ക് നിയമപരിരക്ഷയില്ലെന്നും പ്രതികൾ വിചാരണ നേരിടണമെന്നും സുപ്രിംകോടതി വിധിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യവും തള്ളി. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന സർക്കാർ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

'ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിർവഹണത്തിന് മാത്രമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു. നരസിംഹറാവു വിധിയെ സർക്കാർ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന് പറയാൻ ആകില്ല. ജനപ്രതിനിധികൾ ഭരണഘടനയുടെ രേഖകൾ മറികടന്നു. അവർക്ക് പരിരക്ഷ ലഭിക്കില്ല' - കോടതി വ്യക്തമാക്കി.

ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സംഭവച്ചതിൽ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയിൽ നിരപരാധിത്വം തെളിയിക്കും. കോടതി എംഎൽഎമാരുടെ പേര് പറഞ്ഞിട്ടില്ല. രാജി വയ്‌ക്കേണ്ട സാഹചര്യവുമില്ല- മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story