വിലക്കയറ്റം രൂക്ഷം; ജനകീയ ,സുഭിക്ഷ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍
അരി,പച്ചക്കറി ,പാചകവാതകം എന്നിവയുടെ വില വര്‍ധിച്ചതാണ് പ്രതിസന്ധി വര്‍ധിച്ചത്
ജനകീയ ഹോട്ടല്‍
തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ ജനകീയ ,സുഭിക്ഷ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. അരി,പച്ചക്കറി ,പാചകവാതകം എന്നിവയുടെ വില വര്‍ധിച്ചതാണ് പ്രതിസന്ധി വര്‍ധിച്ചത്. ഇതിന് പുറമെ സര്‍ക്കാര്‍ നല്‍കേണ്ട സബ്സിഡി മാസങ്ങളോളം വൈകുന്നത് മൂലം പലരും കടം കയറി ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി.
2020-21 സാമ്പത്തിക വര്‍ഷമാണ് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. 20 രൂപയ്ക്ക് ഊണ് നല്‍കുന്നതായിരുന്നു പദ്ധതി. ഇതിനായി കൂടുംബശ്രീയുടെ കീഴില്‍ 1116 ജനകീയ ഹോട്ടലുകളും ,സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ അന്പത് സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിച്ചത്. കോവിഡ് കാലത്തും അതിന് ശേഷവും സാധാരണക്കാരന് വലിയ ആശ്രയമായിരുന്നു 20 രൂപ ഊണ്. അരി,പച്ചക്കറി ,പാചകവാതകം തുടങ്ങി സകല സാധനങ്ങളുടെയും വില വര്‍ധിച്ചതോടെ ഹോട്ടലുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് നടത്തിപ്പുകാര്‍ എത്തിയിരിക്കുന്നത്.
കുടുംബശ്രീ വഴി 20 രൂപയ്ക്ക് വില്‍ക്കുന്ന ഒരു ഊണിന് 10 രൂപയും സുഭിക്ഷ ഹോട്ടലുകള്‍ വഴി 20 രൂപയ്ക്ക് വില്‍ക്കുന്ന ഊണിന് 5 രൂപയും ആണ് സബ്സിഡി. ഹോട്ടലുകള്‍ തുടങ്ങി ആദ്യമാസങ്ങളില്‍ സബ്സിഡി കൃത്യമായി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ അവസാനിച്ച് സംസ്ഥാന പഴയ അവസ്ഥയിലേക്ക് എത്തിയ ശേഷം സര്‍ക്കാര്‍ കൃത്യമായി സബ്സിഡി നല്‍കാത്തതും പ്രതിസന്ധിയുടെ ആക്കം കൂടി. കഴിഞ്ഞ സെപ്തംബര്‍ മാസം മുതലുള്ള സബ്സിഡി മുടങ്ങിക്കിടക്കുന്നത് കൊണ്ട് പലരും ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി. ലോണ്‍ എടുത്തും കടം വാങ്ങിയും ഊണ് നല്‍കിയിരുന്ന പലരും കടക്കെണിയിലുമായി.
Adjust Story Font
16