Quantcast

അങ്ങാടിക്കൽ അക്രമം; ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജെന്ന് ജനയുഗം മുഖപ്രസംഗം

ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jan 2022 2:35 AM GMT

അങ്ങാടിക്കൽ അക്രമം; ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജെന്ന് ജനയുഗം മുഖപ്രസംഗം
X

ഡി.വൈ.എഫ്.ഐയുടേത് ഗുണ്ടാരാജെന്ന് സി.പി.ഐ. പത്തനംതിട്ട അങ്ങാടിക്കൽ ഉണ്ടായ അക്രമം വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചത് ക്രിമിനൽ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്ന് സി.പി.ഐ മുഖപത്രം ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിൽ വിമർശനം. ഫാസിസത്തെ എതിർക്കുന്ന സംഘടനയുടെ പേരിൽ ആണ് കൊടുമണ്ണിൽ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിനു നൽകുന്നത് അപായസൂചനയാണെന്നും ജനയുഗം വിമർശിച്ചു.

ജനാധിപത്യത്തിന്‍റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സി.പി.ഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഫലത്തില്‍ മുന്നണിയെയും അത് നേതൃത്വം നല്കുന്ന സര്‍ക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട. എല്‍.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും അധികാരത്തിലേറ്റിയത് മുന്നണി പ്രവര്‍ത്തകരും അവരുടെ അണികളും മാത്രമല്ല. നിഷ്പക്ഷമതികളായ സാമാന്യജനത്തിന്‍റെ പിന്തുണയും വോട്ടും കൂടാതെ ആ വിജയം അസാധ്യമായിരുന്നു. അവരില്‍ നിന്ന് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനെ ഇത്തരം അക്രമസംഭവങ്ങള്‍ സഹായകമാവൂ എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

TAGS :

Next Story