ദേവസഹായം പിള്ള കൊല്ലപ്പെട്ടത് അധികാര ദുർവിനിയോഗത്തിന്‍റെ പേരിൽ- ബി.ജെ.പി മുഖപത്രം
തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിർവഹിക്കാൻ ദേവസഹായം പിള്ള അധികാരം ദുർവിനിയോഗം ചെയ്തുവെന്നാണ് ലേഖനം പറയുന്നത്
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിനെതിരെ ലേഖനവുമായി ബി.ജെ.പി മുഖപത്രം. അധികാര ദുർവിനിയോഗം നടത്തിയതിനാണ് ദേവസഹായം പിള്ളയെ തിരുവിതാംകൂർ രാജാവ് പുറത്താക്കിയതെന്ന് ജന്മഭൂമി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഡോ.ടി.പി ശേഖരൻ കുട്ടിയാണ് ലേഖനം എഴുതിയിരിക്കുന്നത്.
ഞായറാഴ്ച വത്തിക്കാനിൽ വച്ച് നടന്ന ചടങ്ങിൽ ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഫ്രാൻസിസ് മാർ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. തിരുവിതാം കൂർ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരിക്കെ മതം മാറി ക്രിസ്തുമതം സ്വീകരിച്ചതിന് 1752 ൽ നാഗർകോവിലിനടുത്ത് കാറ്റാടി മലയിൽ വച്ച് ദേവസഹായം പിള്ളയെ വെടിവച്ചു കൊന്നു എന്നാണ് വത്തിക്കാൻ പറയുന്നത്. എന്നാൽ ഈ വാദം ശരിയല്ലെന്നാണ് ജന്മഭൂമി ലേഖനം പറയുന്നത്.
ഇതര മതസ്ഥരോട് അനുകമ്പയോടെ പെരുമാറിയിരുന്ന മഹോദയപുരത്തേയും പത്മനാഭ പുരത്തേയും രാജാക്കന്മാർ മതം മാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ചു കൊല്ലുകയില്ലെന്ന് സ്റ്റേറ്റ് മാനുവലിന്‍റെ കർത്താവായ വി. നാഗമയ്യ തന്റെ പുസ്തകത്തിൽ പറയുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
ക്രിസ്തുമതം സ്വീകരിച്ചപ്പോൾ തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിർവഹിക്കാൻ ദേവസഹായം പിള്ള അധികാരം ദുർവിനിയോഗം ചെയ്തുവെന്നാണ് ലേഖനം പറയുന്നത്. വടക്കൻകുളം പള്ളി പണിയാൻ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ചുകൊടുക്കുകയായിരുന്നു. പാലൂട്ടി വളർത്തിയ പത്മനാഭപുരം കൊട്ടാരത്തിലെ തിരുവിതാംകൂർ രാജാവിനോടും രാജ്യത്തോടും ദേവസഹായം പിള്ള ചെയ്ത ഹീനമായ കുറ്റമാണതെന്ന് അവർ വിധിച്ചതിൽ കുറ്റം പറയാൻ സാധ്യമല്ലെന്നുമുള്ള സമീപനമാണ് നാഗമയ്യയുടേതെന്ന് ലേഖനത്തിലുണ്ട്.
Adjust Story Font
16