'ജനങ്ങളെയും അവരുടെ താൽപര്യങ്ങളും അടുത്തറിയാനാണ് എന്‍റെ സന്ദർശനം'; മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ്. ജയശങ്കർ
'ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല'
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ജനങ്ങളെയും അവരുടെ താൽപര്യവും അടുത്തറിയണം. കേന്ദ്ര പദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്ര മന്ത്രിമാരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാനാണ് സന്ദർശിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് വികസനമെന്ന് പറയാനാണ് ഇഷ്ടം. മറ്റു ചിലർക്ക് അത് രാഷ്ട്രീയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നതിനു പിന്നിലുള്ള ചേതോവികാരം എല്ലാവർക്കും മനസ്സിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 2024ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം ഉൾക്കൊള്ളുന്ന മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏൽപിച്ചിരിക്കുന്നുവെന്നാണ് പുറത്തുകേൾക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
''വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജയശങ്കർ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്ളൈഓവറിന്റെ മുകളിൽനിന്ന് നോക്കുന്ന കാഴ്ച ഇന്ന് മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. ഇത്രയും തിരക്കുള്ള, ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്ളൈഓവർ കാണാൻ വന്നു എന്നു പറയുമ്പോൾ അതിനു പിന്നിലുള്ള ചേതോവികാരം എന്താണെന്ന് വേഗംതന്നെ നമ്മുടെ നാട്ടുകാർക്കെല്ലാം മനസ്സിലാകും. അത് ചിലതിന്റെയെല്ലാം തുടക്കം മാത്രമാണെന്നു മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ തീർക്കാനുള്ള ഘട്ടത്തിലും അതെല്ലാം മാറ്റിവച്ച് ഫ്ളൈഓവർ നോക്കാൻ വേണ്ടി കേരളത്തിൽ വന്നെങ്കിൽ അത് കേവലമായൊരു ഫ്ളൈഓവർ നോട്ടത്തിനു മാത്രമല്ല എന്നു നാം തിരിച്ചറിയണം.''-മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16