ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്
കോട്ടയത്ത് വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്
തിരുവനന്തപുരം: മലയാള ചലച്ചിത്ര ആയുഷ്കാല സംഭാനയ്ക്കുള്ള 2021ലെ ജെ.സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ പി കുമാരന് സമ്മാനിക്കും. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. കോട്ടയത്ത് വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
അരനൂറ്റാണ്ടു നീണ്ട ചലച്ചിത്രസപര്യയിലൂടെ മലയാളത്തിലെ സമാന്തര സിനിമയ്ക്ക് നവീനമായ ദൃശ്യഭാഷയും ഭാവുകത്വവും പകര്‍ന്ന സംവിധായകനാണ് കെ.പി കുമാരന്‍ എന്ന് പുരസ്‌കാര നിര്‍ണയ സ്ഥിതി അഭിപ്രായപ്പെട്ടു. 1972 ല്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ' റോക്ക് ' , 1975 ലെ 'അതിഥി' എന്നീ ആദ്യകാല ചിത്രങ്ങള്‍ മുതല്‍ 2020 ല്‍ 83 -ാം വയസ്സില്‍ കുമാരനാശാന്‍റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയില്‍' വരെ സിനിമ എന്ന മാധ്യമത്തോട് വിട്ടുവീഴ്ചകളില്ലാത്ത തികച്ചും ആത്മാര്‍ത്ഥവും അര്‍ത്ഥ പൂര്‍ണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണ് അദ്ദേഹമെന്ന് ജൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. യാഥാര്‍ഥ്യവും ഭ്രമാത്മകതയും കെട്ടുപിണയുന്ന ആഖ്യാനശൈലി കൊണ്ട് മലയാളത്തിലെ നവതരംഗ സിനിമകളില്‍ നിര്‍ണായക സ്ഥാനമുള്ള 'അതിഥി', മാധവിക്കുട്ടിയുടെ 'രുഗ്മിണിക്കൊരു പാവക്കുട്ടി' എന്ന രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച് മികച്ച മലയാള ചിത്രത്തിനുള്ള 1988 – ലെ ദേശീയ അവാര്‍ഡ് നേടിയ ' രുഗ്മിണി ' തുടങ്ങിയ ചിത്രങ്ങള്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂര്‍വ ദൃശ്യശില്‍പ്പങ്ങളാണെന്ന് ജൂറി അഭിപ്രായപ്പെട്ടു .
മലയാളം ന്യൂവേവ് സിനിമകള്‍ക്ക് തുടക്കം കുറിച്ച് സ്വയംവരത്തിന്റെ സഹരചയിതാവായി ചലച്ചിത്രജീവിതം ആരംഭിച്ച കെ.പി കുമാരന്റെ ' റോക്ക് എന്ന ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 1972 ലെ ഏഷ്യാ 72 ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര പുരസ്‌കാരം നേടിയിട്ടുണ്ട് . അതിഥി ( 1975 ) , ലക്ഷ്മി വിജയം ( 1976 ) , തേന്‍ തുള്ളി ( 1978 ) , ആദിപാപം ( 1979 ) , കാട്ടിലെ പാട്ട് ( 1979 ) , നേരം പുലരുമ്പോള്‍ ( 1986 ) , രുഗ്മിണി ( 1988 ) , തോറ്റം ( 2000 ) . ആകാശഗോപുരം ( 2008 ) , ഗ്രാമവൃക്ഷത്തിലെ കുയില്‍ ( 2020 ) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ .
Adjust Story Font
16