Quantcast

എ.കെ.ജി സെൻറർ സംഭവം: ജിതിൻ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്

അഞ്ചു സംഘമായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ജിതിൻ പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2022-09-22 12:33:52.0

Published:

22 Sep 2022 12:04 PM GMT

എ.കെ.ജി സെൻറർ സംഭവം: ജിതിൻ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്
X

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് ജിതിൻ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. പ്രതിയെ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുകയാണ്. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് പ്രതിയെ കസ്റ്റഡയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. ജിതിന്റെ ഒപ്പം ആക്രമണത്തിൽ പങ്കെടുത്തവരുടെ വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ അറസ്റ്റിലായേക്കും.

അഞ്ചു സംഘമായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ജിതിൻ പിടിയിലായത്. വാഹനം, ഫോൺ രേഖകൾ, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്‌നക്കാരായ ആളുകൾ, ബോംബ് നിർമാണം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ആദ്യം അന്വേഷണം നടന്നിരുന്നത്. തുടർന്ന് പ്രതി ധരിച്ചിരുന്ന കറുത്ത ടീഷർട്ടിലും ഷൂസിലും അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. ഇതോടെ ടീഷർട്ട് 2022 മെയ് മാസത്തിൽ പുറത്തിറക്കിയതാണെന്ന് കണ്ടെത്തി. തുടർന്ന് ജൂലൈ ഒന്നു വരെ ഈ ടീഷർട്ട് വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽനിന്ന് പ്രതി കൃത്യനിർവഹണത്തിന് ഏതാനും ദിവസം മുമ്പ് നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഇത്തരം ടീഷർട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. കൃത്യം ചെയ്ത ദിവസം പ്രതി ഉപയോഗിച്ച ഫോൺ വിറ്റതായും പൊലീസ് കണ്ടെത്തി.

ആക്രമണ സമയത്തെ ദൃശ്യങ്ങളിലെ കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയ കാർ ജിതിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചു. ജിതിൻ ധരിച്ച ടീഷർട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാൻ സ്‌കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിൻ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷർട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിന്റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം ഈ മാസം 10ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.

ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

അതേസമയം, ആക്രമണത്തിലെ അന്വേഷണം ഒരു പ്രതിയുടെ അറസ്റ്റിൽ ഒതുങ്ങില്ലെന്നും ഗൂഢാലോചന, ആസൂത്രണം, ബോംബ് നിർമാണം ഇവയിലെല്ലാം അന്വേഷണം നടക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും കോൺഗ്രസ് നേതാക്കളിലേക്ക് അന്വേഷണം പോകുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടികൾ ജോഡോ യാത്രയുടെ ശോഭ കെടുത്താനെന്ന ആരോപണത്തിനു അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.


Jithin, who was arrested in the AKG Center incident, is accused in three criminal cases

TAGS :

Next Story