പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി: ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം
കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നൽകിയെന്നാണ് ആരോപണം
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് പ്രമേയം. പ്രമേയം ചർച്ച ചെയ്യാൻ ഈ മാസം 28 ന് പ്രത്യേക യോഗം ചേരും. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നൽകിയെന്നാണ് ആരോപണം.
17 അംഗ കാസർകോട് ജില്ലാ പഞ്ചായത്തിൽ 8 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. യു.ഡി.എഫിന് ഏഴും ബി.ജെ.പി ക്ക് 2ഉം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷയം ചർച്ച ചെയ്യണമെന്ന് കാട്ടി ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നോട്ടീസ് നൽകിയത്. പ്രമേയത്തെ ബി.ജെ.പി പിന്തുണക്കാനാണ് സാധ്യത. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം നൽകിയത് വിവാദമായിരുന്നു. നിയമനത്തിനെതിരെ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേ സമയം പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയതിനെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. ശരത് ശാലിന്‍റെയും കൃപേഷിന്‍റെയും രക്ഷിതാക്കളും സഹോദരിമാരും പ്രതിഷേധത്തിൽ സജീവമാണ്.
Adjust Story Font
16