കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിന്‍റെ വാഹനം തകര്‍ത്തു; നടന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി
സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്‍റെ പിന്‍വശത്തെ ചില്ല് തകര്‍ത്തു. സമരത്തിനിടെ വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിന്‍റെ കാര്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിഐ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നു കോൺഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യപിച്ച് ജോജു ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ ഷിയാസ് പ്രതികരിച്ചു.
ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്‍റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്‍റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു പറഞ്ഞു.
രണ്ട് മണിക്കൂറായി ആളുകള്‍ കിടന്ന് കഷ്ടപ്പെടുകയാണെന്നും ഒരു മര്യാദ വേണ്ടേ എന്നും ജോജു ജോര്‍ജ് ചോദിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്താണ് അവര്‍ നേടുന്നതെന്നും ജോജു ചോദിച്ചു.
ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആറ് കിലോമീറ്ററില്‍ അധികം ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുന്നു. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.
Adjust Story Font
16