കൂടത്തായി കൊലയ്ക്ക് തെളിവില്ല, കുറ്റവിമുക്തയാക്കണമെന്ന് ജോളി; ഹരജി പരിഗണിക്കാൻ മാറ്റി
കേസിൽ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു
ഡൽഹി: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹരജി പരിഗണിക്കാൻ മാറ്റി. മൂന്നാഴ്ച്ചക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. കുറ്റവിമുക്തയാക്കണമെന്നാണ് ജോളിയുടെ ആവശ്യം. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിൽ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്വ. സച്ചിൻ പവഹയാണ് ജോളിക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്.
ജോളിയുടെ ഭർത്താവ് റോയ് തോമസ് ഭർതൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്.
2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വിവരം പുറത്തറിഞ്ഞത് 2002 മുതൽ 2016 വരെ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിക്കുകയായിരുന്നു. സയനൈഡ് ഉള്ളിൽ ചെന്നാണ് കുടുംബാംഗങ്ങൾ മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ജോളിയിലേക്ക് നീങ്ങിയതും അറസ്റ്റിലായതും. ഹരജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കും.
Adjust Story Font
16