Quantcast

ആദിവാസി ഭൂമി കൈയേറ്റം വാർത്തയാക്കിയതിന് മാധ്യമപ്രവർത്തകൻ ആർ. സുനിലിനെതിരെ എടുത്ത കേസ് പിൻവലിക്കണം-സാംസ്‌കാരിക പ്രവർത്തകർ

ഭൂമി കൈയേറ്റ പരാതി വാർത്തയാക്കിയതിന് മാധ്യമം ലേഖകൻ ആർ. സുനിലിനെതിരെയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-09-26 15:13:26.0

Published:

26 Sep 2023 3:10 PM GMT

Journalist R. Sunil,  Cultural activists,  reporting tribal land encroachment, Case, latest malayalam news, മാധ്യമപ്രവർത്തകൻ ആർ.സുനിൽ, സാംസ്കാരിക പ്രവർത്തകർ, ആദിവാസി ഭൂമി കയ്യേറ്റം റിപ്പോർട്ട് ചെയ്യുന്നു, കേസ്, ഏറ്റവും പുതിയ മലയാളം വാർത്ത,
X

കൊച്ചി: ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് അഡ്വ.സുശീല ആര്‍ ഭട്ട് ഉള്‍പ്പടെയുള്ള പ്രമുഖരും സാംസ്‌കാരിക പ്രവർത്തകരും ആവശ്യപ്പെട്ടു. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താൻ അവസരമൊരുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്നും ഇവർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസമാണ് ഭൂമി കൈയേറ്റ പരാതി വാർത്തയാക്കിയതിന് മാധ്യമം ലേഖകൻ ആർ. സുനിലിനെതിരെ കേസെടുത്തത്. ആദിവാസിയായ ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കുറ്റാരോപിതന്റെ പരാതിയിലാണ് കേസ്. നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യനെതിരെയാണ് ചന്ദ്രമോഹൻ പരാതി നൽകിയത്. തനിക്ക് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമി ജോസഫ് കുര്യൻ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ചന്ദ്രമോഹന്റെ പരാതി. ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങൾവെച്ച് സുനിൽ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോസഫ് കുര്യൻ അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് അഗളി പൊലീസ് സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രസ്താവനയുടെ പൂർണരൂപം

ഒന്നരപതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി വാര്‍ത്തകള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഡോ. ആര്‍ സുനില്‍. ഇദ്ദേഹത്തിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടികളും ഉണ്ടായിട്ടുണ്ട്. ഒരുദാഹരണമാണ് 2700 ഏക്കറോളം വരുന്ന അട്ടപ്പാടി ഫാമിങ് സൊസൈറ്റിയുടെ ഭൂമി സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കിയത് റദ്ദാക്കിയത്. അട്ടപ്പാടി സംരക്ഷണ സമിതിയുടെ എം സുകുമാരന്‍ അടക്കമുള്ള പല പൊതുപ്രവര്‍ത്തകരും വിവരശേഖരണത്തില്‍ സഹായിച്ചിട്ടുണ്ട്. രേഖകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ നല്‍കിയത്.

ഇപ്പോഴത്തെ കേസ് നഞ്ചിയമ്മയുടെ കുടുംബ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ടതിന്റെ തുടര്‍ച്ചയാണ്. നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ട കേസ് (ടി.എല്‍.എ) ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്തയായതോടെ നിയമസഭയില്‍ കെ.കെ രമയും ഐ.സി ബാലകൃഷ്ണനും വിഷയം ഉന്നയിച്ചു. അതിന് റവന്യൂ മന്ത്രി കെ. രാജന്‍ നല്‍കിയ മറുപടിയും സബ് കലക്ടര്‍ ഓഫിസില്‍നിന്ന് ലഭിച്ച രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടായിരുന്നു.

ഭൂമി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് 'നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത്' എന്ന കവര്‍സ്‌റ്റോറി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. അതോടെ ജോസഫ് കുര്യന്‍ സുനിലിനെ ഭീഷണിപ്പെടുത്തി, വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കി. കെ കെ രമ എംഎല്‍എ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് ലഭിച്ച പരാതികളില്‍ അസി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തു.

മാസങ്ങള്‍ക്ക് ശേഷമാണ് അട്ടപ്പാടി വരഗംപാടിയിലെ ചന്ദ്രമോഹന്‍ എന്ന ആദിവാസി സുനിലിനെ വിളിക്കുന്നത്. ചന്ദ്രമോഹന് 12 ഏക്കര്‍ ഭൂമി പാരമ്പര്യമായി സ്വന്തമായിട്ടുണ്ട്. അദ്ദേഹത്തിനും രണ്ട് സഹോദരിമാര്‍ക്കുമായി മൂന്ന് വീടും നിലവിലുണ്ട്. ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് ജോസഫ് കുര്യന്‍, ചന്ദ്രമോഹന്റെ അച്ഛനെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സുനില്‍ വാര്‍ത്തയായി നല്‍കിയത്. ആ വാര്‍ത്തയുടെ പേരിലാണ് ജോസഫ് കുര്യന്‍ ഇപ്പോള്‍ അഗളി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. അഗളി പൊലീസ് ഈ പരാതി കോടതിയില്‍ കൊടുത്ത് അന്വേഷണത്തിന് ഉത്തരവ് വാങ്ങിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ പറയുന്നത്.

ഭൂമികൈയേറ്റങ്ങളില്‍ ആദിവാസിയുടെ പക്ഷത്തുനിന്ന് വാര്‍ത്ത നല്‍കി എന്നതാണ് സുനിലെന്ന മാധ്യമപ്രവര്‍ത്തകന്‍ ചെയ്ത കുറ്റം. അതിന്റെ പേരിലാണ് കേസ്. കേസിന് കാരണമായി ചന്ദ്രമോഹന്റെ ഭൂമി സംബന്ധിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ആയിരക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി കഴിഞ്ഞു. കോടതി ഉത്തരവോടെ പൊലീസും കൈയേറ്റക്കാരും ഏതുനിമിഷവും ഏത് ആദിവാസി ഭൂമിയിലേക്കും എത്താമെന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. ഭൂമാഫിയയുടെ പിടിയില്‍ അമര്‍ന്ന അട്ടപ്പാടിയില്‍ ആദിവാസികള്‍ നിസ്സഹായരാണ്. സുനിലിന്റെ വാര്‍ത്തകള്‍ അവര്‍ക്ക് ഊര്‍ജ്ജം നല്‍കി. അവര്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതിനെ ഭയക്കുന്നവരാണ് സുനിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സുനിലിനെതിരായ കേസ് പിന്‍വലിക്കാനും നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താനും അവസരമൊരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

അഡ്വ. സുശീല ആര്‍ ഭട്ട്, പ്രഫ. എം കുഞ്ഞാമന്‍, പ്രഫ. ബി രാജീവന്‍, കെ കെ രമ എംഎല്‍എ, പ്രഫ. കല്‍പ്പറ്റ നാരായണന്‍, ഡോ. കെ ടി റാംമോഹന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എന്‍ പി ചെക്കുട്ടി, സണ്ണി എം കപിക്കാട്, കെ സി ഉമേഷ്ബാബു, ഡോ. എം എം ഖാന്‍, ഗീതാനന്ദന്‍, പ്രഫ. കുസുമം ജോസഫ്, ഡോ. ജോസ് സെബാസ്റ്റിയന്‍, ഡോ. പി ഗീത, ജോണ്‍ പെരുവന്താനം, സി ആര്‍ സീലകണ്ഠന്‍, ഡോ. കെ ജി താര, കെ പി സേതുനാഥ്, കെ രാജഗോപാല്‍, കെ എസ് ഹരിഹരന്‍, വി പി സുഹ്‌റ, അഡ്വ. പി എ പൗരന്‍, പുന്നല ശ്രീകുമാര്‍, രമേശ് നന്‍മണ്ട, എം ബി മനോജ്, വര്‍ഗീസ് വട്ടേക്കാട്ടില്‍, ഡോ. പി ജി ഹരി, വി എം ഗിരിജ, എം സുള്‍ഫത്ത്, വര്‍ഗീസ് വട്ടേക്കാട്ടില്‍, ശ്രീരാമന്‍ കൊയ്യോന്‍, ഡോ. ആശാലത, ഫെലിക്‌സ് ജെ പുല്ലൂഡന്‍, കെ ഡി മാര്‍ട്ടിന്‍, കെ വി ഷാജി, കെ പി പ്രകാശന്‍, മുരളീധരന്‍ കരിവെള്ളൂര്‍, ഐ ഗോപിനാഥ്, ടി ആര്‍ രമേശ്, അഡ്വ. പി കെ ശാന്തമ്മ, അഡ്വ. ഭദ്രകുമാരി, അമ്മിണി കെ വയനാട്, സി എസ് മുരളി, എസ് രാജീവന്‍, കെ ആനന്ദകനകം, ടി കെ വിനോദന്‍, മൃദുലാദേവി, ഡോ. ശാലിനി വി എസ്, പി എ പ്രേംബാബു, സുനില്‍ മക്തബ്, ബി എസ് ബാബുരാജ്, കെ സുനില്‍കുമാര്‍, റഷീദ് മക്കട, അംബിക

TAGS :

Next Story