Quantcast

അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകര്‍: ജസ്റ്റിസ് അനു ശിവരാമന്‍

കേരള മീഡിയ അക്കാദമി 2021-22 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമന്‍

MediaOne Logo

Web Desk

  • Published:

    17 Jun 2023 4:30 PM GMT

അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകര്‍: ജസ്റ്റിസ് അനു ശിവരാമന്‍
X

എറണാകുളം: ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മുന്‍നിര പോരാളികളാണ് മാധ്യമപ്രവര്‍ത്തകരെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍. നീതിയുക്തവും സ്വതന്ത്രവും പരിഷ്‌കൃതവുമായ ഒരു സമൂഹത്തിന് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അത്യാവശ്യമാണ്. കേരള മീഡിയ അക്കാദമി 2021-22 ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 1987 ലെ അക്കാദമിയുടെ ആദ്യ ബാച്ചിലെ ഒന്നാം റാങ്ക് ജേതാവ് കൂടിയാണ് ജസ്റ്റിസ്.

മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നത് സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നും മൂല്യബോധവും പക്വതയുമുള്ള മാധ്യമ സംസ്‌കാരം തിരിച്ചു പിടിക്കാന്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളോടെ നിവര്‍ന്ന നട്ടെല്ലൊടെ പറയേണ്ടത് പറയാന്‍ സാധിക്കട്ടെ എന്ന് അവര്‍ വിദ്യാര്‍ത്ഥികളെ ആശംസിച്ചു. മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ പഠിച്ചിറങ്ങിയ സ്ഥാപനം എന്നത് മാത്രമല്ല കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ക്ലാസുകളാണ് അക്കാദമിയിലെ പ്രത്യേകതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമ മേഖലയിലുള്ളവര്‍ക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കുവാനും, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിക്കുവാനുമുള്ള പദ്ധതിയുണ്ടെന്ന് അധ്യക്ഷത വഹിച്ച കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മലയാള മനോരമ മുന്‍ എഡിറ്റര്‍ ഇന്‍ ഡയറക്ടര്‍ തോമസ് ജേക്കബ് കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ ടി കെ ജി നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.

ജേണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സുകളില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളുടെ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഒന്നാം റാങ്കിനര്‍ഹരായ അഹല്ല്യ മണി നായര്‍, ദേവു വിജയ, അമല്‍ സുരേന്ദ്രന്‍ എന്നിവര്‍ക്ക് കേരള മീഡിയ അക്കാദമി ക്യാഷ് പ്രൈസും രണ്ടാം റാങ്ക് നേടിയ സൗമ്യ എസ്, ഫര്‍ഹ എന്‍.എസ്, സന്ദീപ് സുരേന്ദ്രന്‍ എന്നിവര്‍ക്ക് എം എന്‍ ശിവരാമന്‍ നായര്‍ മെമ്മോറിയല്‍ ക്യാഷ് പ്രൈസും മൂന്നാം റാങ്ക് ജേതാക്കളായ ജസീര്‍ റ്റി.കെ തിരുവാക്കളത്തില്‍, അക്ഷയ് ബാബു എം, തുളസി ആര്‍ എന്നിവര്‍ക്ക് പി എസ് ജോണ്‍ മെമ്മോറിയല്‍ ക്യാഷ് അവര്‍ഡും നല്‍കി അനുമോദിച്ചു. ഇതിനു പുറമെ സി പി മേനോന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, ടി കെ ജി നായര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ്, കുരൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് തുടങ്ങിയവയുടെ വിതരണവും നടന്നു. ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമെ വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ജേണലിസം, ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം കോഴ്‌സുകളുടെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.

കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ്, ചലച്ചിത്ര സംവിധായക വിധു വിന്‍സെന്റ്, കായിക പത്രപ്രവര്‍ത്തകന്‍ ഷൈജു ദാമോദരന്‍, മാധ്യമ പ്രവര്‍ത്തകന്‍ ആന്റണി ജോണ്‍, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, കെ.ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ രാജഗോപാല്‍ കോണ്‍വൊക്കേഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ് സ്വാഗതവും അസി.സെക്രട്ടറി പി.കെ വേലായുധന്‍ നന്ദിയും പറഞ്ഞു.

TAGS :

Next Story