'അവനെ റാഗ് ചെയ്ത് കൊന്നതാണ്, പാർട്ടിക്കാർക്കും പങ്കുണ്ട്'; ജെഎസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ്
എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു
തന്റെ മകനെ മർദിച്ചു കൊന്നതാണെന്ന് വയനാട് വെറ്റിനറി സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജെ.എസ്. സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ അത് വ്യക്തമായെന്നും ക്ലാസ്‌മേറ്റ്‌സും സീനിയേഴ്‌സും പാർട്ടിക്കാരും ചേർന്നാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടിൽ വരികയും ആഹാരം കഴിക്കുകയും ചെയ്ത വേണ്ടപ്പെട്ട കൂട്ടുകാരും സീനിയേഴ്‌സും ഇതിലുണ്ടായിരുന്നുവെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ജയപ്രകാശ് മീഡിയവണിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമാണ് മീഡിയവണിനോട് ജയപ്രകാശ് പ്രതികരിച്ചത്.
റാഗ് ചെയ്തതാണ് മരണത്തിന് പിന്നിലെന്ന് അറിയാമായിരുന്നുവെന്നും വെറുതെ ഒരു ആരോപണം ഉന്നയിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി മുൻപോട്ട് പോകുമെന്നും മകൻ ജീവിതം നശിപ്പിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. നിയമത്തിൽ വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
ഈ മാസം 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 12 സീനിയർ വിദ്യാർഥികളെ വെറ്റിനറി സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. സീനിയർ വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുകയും ചെയ്തിരുന്നു.
മരണം നടക്കുന്നതിന് നാല് ദിവസം മുമ്പ്, 14ാം തിയ്യതി സിദ്ധാർത്ഥനെ സീനിയർ വിദ്യാർഥികൾ മർദിച്ചിരുന്നു. തുടർന്ന് 15ാം തിയ്യതി നാട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥൻ എറണാകുളത്തെത്തിയപ്പോൾ സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തി തിരിച്ചുവിളിച്ചു. അതോടെ സിദ്ധാർത്ഥൻ വീട്ടിൽ പോകാതെ സർവകലാശാലയിൽ തിരിച്ചെത്തി. എന്നാൽ 15, 16 തിയ്യതികളിൽ സിദ്ധാർത്ഥൻ വീണ്ടും മർദിക്കപ്പെട്ടതായും മാതാപിതാക്കൾ പറയുന്നുണ്ട്. മരണം നടന്ന ശേഷം സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നും പൊലീസിന്റെ ഭാഗത്ത് നിന്നും വേണ്ട നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ 12 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്.
Adjust Story Font
16