നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതിയിൽ ജഡ്ജിയുടെ കാർ അടിച്ചുതകർത്തു
മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി ജയപ്രകാശ് (53) ആണ് ജഡ്ജിയുടെ കാർ തകർത്തത്.
പത്തനംതിട്ട: തിരുവല്ല കുടുംബ കോടതിയിൽ വിസ്താരത്തിനിടെ പ്രകോപിതനായയാൾ ജഡ്ജിയുടെ കാർ അടിച്ചുതകർത്തു. മംഗലാപുരം ശിവഗിരി നഗറിൽ അതുല്യ സാഗറിൽ താമസിക്കുന്ന മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറിൽ ഇ.പി ജയപ്രകാശ് (53) ആണ് ജഡ്ജിയുടെ കാർ തകർത്തത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ജഡ്ജിയുടെ വിസ്താരത്തിനിടെ ഇയാൾ പലതവണ പ്രകോപിതനായെങ്കിലും ജീവനക്കാർ തടയുകയായിരുന്നു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്ന് മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് ജഡ്ജിയുടെ കാർ അടിച്ചുതകർക്കുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
നേരത്തേ, പത്തനംതിട്ട കുടുംബകോടതിയിലാണ് ജയപ്രകാശിന്റെ കേസ് ഉണ്ടായിരുന്നത്. ഹൈക്കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 21ന് കേസ് തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റി. സ്വയം കേസ് വാദിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. വിവാഹമോചനം, ഭാര്യക്ക് ജീവനാംശം നൽകൽ, സ്ത്രീധനം തിരികെ നൽകുക തുടങ്ങിയ വിവിധി കേസുകൾ ജയപ്രകാശിനെതിരെയുണ്ട്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ ഭാര്യ അടൂർ കടമ്പനാട് സ്വദേശിനിയാണ്.
Adjust Story Font
16