ഗവർണറുടെ പുറത്താക്കൽ നടപടി: സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹരജിയിൽ വിധി നാളെ
സെനറ്റംഗങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിച്ചെന്ന് ഗവർണർ
കൊച്ചി: ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. സെനറ്റംഗങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിച്ചെന്നും സെർച്ച് കമ്മിറ്റിയംഗത്തെ സെനറ്റ് നാമനിർദേശം ചെയ്തിരുന്നുവെങ്കിൽ അതിന് അനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നുവെന്നും ചാൻസലർ കോടതിയെ അറിയിച്ചു. കേരള സർവകലാശാലയിലെ സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചത്, അതുകൊണ്ടാണ് താൻ നാമനിർദേശം ചെയ്തവരുടെ പ്രീതി പിൻവലിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു.
എന്നാൽ 'പ്രീതി' എന്ന ആശയം നിയമപരമായി മാത്രമാണ് പ്രയോഗിക്കാനാവുകയെന്ന് വ്യക്തമാക്കിയ കോടതി, പ്രീതി വ്യക്തി താൽപര്യത്തിൽ നടപ്പാക്കാനാകില്ലെന്ന് ആവർത്തിച്ചു. സെനറ്റംഗങ്ങളുടെ ഹരജിയിൽ വാദം പൂർത്തിയായതോടെ ഹരജി വിധി പറയാനായി മാറ്റി. നാളെ ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹരജികളിൽ വിധി പറയുക.
Adjust Story Font
16