Quantcast

ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ റെയ്ഡ് തുടരും

അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം

MediaOne Logo

Web Desk

  • Published:

    11 May 2022 12:21 PM GMT

ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ റെയ്ഡ് തുടരും
X

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകർച്ചവ്യാധി കൂടാൻ സാധ്യതയുള്ള സാഹഹചര്യം മുന്നിൽ കണ്ട് ജില്ലകൾ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട്‌സ്പോട്ടുകൾ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകൾ നടത്താനും മന്ത്രി നിർദേശം നൽകി.

എല്ലാ ജില്ലകളിലെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എൻ1, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസർകോട്, തൃശൂർ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഷിഗല്ല കേസ് കൂടുതൽ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ടും.

ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. ഹെൽത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തും. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തും. കടയുടെ വൃത്തിപ്രധാനമാണ്. പഴങ്ങൾ, വെള്ളം, ഐസ്, കളർ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരും. പരിശോധനയ്‌ക്കൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിലെ പ്രധാന ജാഗ്രതാ നിർദേശങ്ങൾ

* പനി നീണ്ടുനിൽക്കുന്നതാണെങ്കിൽ ഏതാണെന്ന് ഉറപ്പാക്കണം.

* ജലജന്യ, ജന്തുജന്യ രോഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

* കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.

* വയറിളക്ക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം.

* വെള്ളം ക്ലോറിനേറ്റ് ചെയ്യണം.

* ഭക്ഷണവും വെള്ളവും അടച്ചുസൂക്ഷിക്കണം.

* പഴകിയ ഭക്ഷണം കഴിക്കരുത്.

* കൊതുക് കടിയേൽക്കാതെ നോക്കണം.

* വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

* മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.

Summary: Special inspection in juice shops; The food security raid will continue in the state

TAGS :

Next Story