Quantcast

'പിണറായിയുടെ ആയുധം പൊക്കിപിടിച്ച മഴുവാണ്. കോവിഡിന്‍റെ മറവില്‍ ചന്ദനം കടത്തുകയാണ്': കെ മുരളീധരന്‍

പിണറായി ഊരിപ്പിടിച്ച വാളിന്‍റെ ഇടയിൽ കൂടി നടന്നോ എന്ന് തനിക്കറിയില്ല. പക്ഷേ ഉയർത്തി പിടിച്ച മഴുവുമായിട്ട് പോയിട്ട് കേരളത്തിലെ പിണറായി സർവമരങ്ങളും വെട്ടി നിർത്തിയിട്ടുണ്ട്. ഊരിപ്പിടിച്ച വാളിനിടയിൽ കൂടി നടന്നിട്ടുണ്ടോ എന്ന് ഗവേഷണം നടത്തേണ്ടി വരും

MediaOne Logo

Web Desk

  • Updated:

    2021-06-24 08:39:43.0

Published:

24 Jun 2021 7:40 AM GMT

പിണറായിയുടെ ആയുധം പൊക്കിപിടിച്ച മഴുവാണ്. കോവിഡിന്‍റെ മറവില്‍ ചന്ദനം കടത്തുകയാണ്: കെ മുരളീധരന്‍
X

മരം മുറി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. പിണറായി ഊരിപ്പിടിച്ച വാളിന്‍റെ ഇടയിൽ കൂടി നടന്നോ എന്ന് തനിക്കറിയില്ല. പക്ഷേ ഉയർത്തി പിടിച്ച മഴുവുമായിട്ട് പോയിട്ട് കേരളത്തിലെ പിണറായി സർവമരങ്ങളും വെട്ടി നിർത്തിയിട്ടുണ്ട്. ഊരിപ്പിടിച്ച വാളിനിടയിൽ കൂടി നടന്നിട്ടുണ്ടോ എന്ന് ഗവേഷണം നടത്തേണ്ടി വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മുമ്പ് പരശുരാമൻ മഴു എറിഞ്ഞിട്ടാണ് കേരളമുണ്ടായത്. പിണറായി മഴു വീശിയപ്പോൾ കേരളത്തിലെ വനം മുഴുവൻ അപ്രത്യക്ഷമായി- അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ ചെക്‌പോസ്റ്റുകളും കടന്ന് ഈ മരങ്ങൾ കടന്നു പോയത് മന്ത്രിമാരുടെ അറിവോടെ കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.

മരം മുറി വിഷയത്തിൽ കാനം രാജേന്ദ്രന്‍റെ മൗനത്തേയും അദ്ദേഹം വിമർശിച്ചു. കാനം രാജേന്ദ്രൻ കോവിഡ് മുക്തനായി തിരിച്ചുവന്നിട്ട് തനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും മുരളീധരൻ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ. സുരേന്ദ്രനും അദ്ദേഹത്തിന്റെ മകനും പിടിയിലാകുന്ന ഘട്ടം വന്നപ്പോൾ കുമ്മനം രാജശേഖരൻ ബിനീഷ് കോടിയേരിയുടെ കാര്യം പറഞ്ഞ് സിപിഎമ്മിനെ വിരട്ടിയതോടെ കൊടകര കേസിൽ നിന്ന് സുരേന്ദ്രൻ അപ്രത്യക്ഷമായെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കുഴൽ വഴി പണം കടത്തിക്കോ, ഞങ്ങൾ കാട് വഴി ചന്ദനം കടത്തിക്കോളാം എന്നാണ് സിപിഎമ്മിന്റെ നിലപാട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ ബിജെപിയെ എതിർക്കുന്ന കോൺഗ്രസിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും മുരളീധരൻ പറഞ്ഞു. ഇവിടെ മോഷണത്തിലും സിപിഎം-ബിജെപി അന്തർധാരയുണ്ടെന്ന് എന്നിട്ടാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണമോ ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അന്വേഷണമോ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുരുവായൂരിൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊലീസുകാർ ഒത്തുകൂടിയതിനെയും അദ്ദേഹം വിമർശിച്ചു. ദിവസവും മാസ്‌ക് ധരിക്കാത്തതിന് ഇത്ര പേർക്ക് എതിരേ കേസെടുത്ത് എന്ന് പറയുന്ന നാട്ടിൽ കൊറോണയ്ക്ക് എന്തേ കാക്കിയെ പേടിയാണോ എന്ന് അദ്ദേഹം ചോദിച്ചു.

കേരളം കോവിഡ് വ്യാപനത്തിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ കോവിഡിന്‍റെ മറവിൽ ചന്ദനം കടത്ത് നടക്കുകയാണ്. കോവിഡിന്റെ മറവിൽ ഇനിയും ചന്ദനം കടത്താൻ നോക്കിയാൽ, കള്ളമാരെ സംരക്ഷിക്കാൻ നോക്കിയാൽ യുഡിഎഫ് കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

a

TAGS :

Next Story