ആഘോഷങ്ങള്‍ അവിടെ നിക്കട്ടെ; ആദ്യ ദലിത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല
രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തുന്നത്
ചേലക്കര എം.എൽ.എ കെ. രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷത്തോടെയാണ് സോഷ്യൽ മീഡിയ വരവേറ്റത്. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ് കൈക്കൊണ്ടതെന്നായിരുന്നു ഇവയുടെ ഉള്ളടക്കം. എന്നാല്‍, ഇത് സത്യമാണോ? 40 വർഷം മുേമ്പ സംസ്ഥാനത്ത് ദലിതർ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.
കേരളത്തില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കോണ്‍ഗ്രസ് നേതാവും മുൻ തൃത്താല എം.എൽ.എയുമായ വെള്ള ഈച്ചരനായിരുന്നു. 1970 -77ലെ സി. അച്യുത മേനോൻ മന്ത്രിസഭയിലായിരുന്നു അദ്ദേഹം ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. 1970ൽ തൃത്താലയിൽ നിന്നും 1977ൽ വണ്ടൂരിൽ നിന്നും നിയമസഭയിലെത്തിയ വെള്ള ഈച്ചരൻ കോൺഗ്രസ് പ്രതിനിധിയായാണ് അച്യുതമേനോന്‍ സർക്കാറിൽ ദേവസ്വം മന്ത്രിയായത്.
തൊട്ടുപിന്നാലെ കോൺഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തു. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെയുള്ള കെ. കരുണാകരൻ മന്ത്രിസഭയിലും 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെയുള്ള എ.കെ. ആന്‍റണി മന്ത്രിസഭയിലുമായിരുന്നു ബാലകൃഷ്ണൻ മന്ത്രിയായത്. പിന്നീട് 1978ൽ പി.കെ. വാസുദേവൻ മുഖ്യമന്ത്രിയായപ്പോൾ ദാമോദരൻ കാളാശേരിയും ദേവസ്വം മന്ത്രിയായി. നിലവിൽ കെ. രാധാകൃഷ്ണൻ പ്രതിനിധീകരിക്കുന്ന ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് കോൺഗ്രസ് നേതാവ് കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ് മന്ത്രിയായത്. അതേസമയം, അക്കാലത്ത് ദേവസ്വം വകുപ്പ് ഉപവകുപ്പ് മാത്രമായിരുന്നു. '96 -2001ലാണ് സ്വതന്ത്രചുമതലയുള്ള വകുപ്പായി മാറ്റിയത്.
അതിനിടെ, കെ.കെ. ബാലകൃഷ്ണന്‍റെ പേരിലുള്ള വിക്കിപീഡിയ പേജിൽ നിന്ന് 'ദേവസ്വം മന്ത്രിയായിരുന്നു' എന്ന വിവരം ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്ത് മാറ്റിയെന്ന ആരോപണവുമായി ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡോ. പി. സരിൻ രംഗത്തെത്തി. നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളിൽനിന്നാണ് എഡിറ്റിങ് നടന്നത്. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നും സരിൻ ആരോപിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ് ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തുന്നത്. അന്ന് പട്ടികജാതി, പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും മത്സരിച്ച അദ്ദേഹം വൻഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2001ല്‍ പ്രതിപക്ഷ ചീഫ് വിപ്പും 2006ല്‍ നിയമസഭ സ്പീക്കറുമായി. 2016ൽ മത്സരത്തിൽനിന്ന് മാറിനിന്ന രാധാകൃഷ്ണൻ ഇത്തവണ വീണ്ടും ചേലക്കരയുടെ പ്രതിനിധിയാവുകയായിരുന്നു.
Adjust Story Font
16