'അങ്ങനെ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ പറ്റില്ല'; കെ-റെയിൽ ഡി.പി.ആര്‍ വിവരാവകാശം വഴി നൽകാൻ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷണർ | K-Rail DPR cannot be issued through RTI: Information Commissioner

'അങ്ങനെ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ പറ്റില്ല'; കെ-റെയിൽ ഡി.പി.ആര്‍ വിവരാവകാശം വഴി നൽകാൻ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷണർ

നിയമം നോക്കിയേ വിവരാവകാശ കമ്മീഷണർക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഡി.പി.ആർ പുറത്തുവിടരുതെന്ന് സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    5 Jan 2022 11:50 AM

Published:

5 Jan 2022 11:42 AM

അങ്ങനെ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ പറ്റില്ല; കെ-റെയിൽ ഡി.പി.ആര്‍ വിവരാവകാശം വഴി നൽകാൻ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷണർ
X

സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ സോമനാഥന്‍ പിള്ള. സിവിൽ ഏവിയേഷന്‍റെയും പ്രതിരോധ മന്ത്രാലയത്തിന്‍റെ രഹസ്യ വിവരങ്ങൾ ഡി.പി.ആറിലുണ്ട്. അങ്ങനെ എല്ലാ വിവരങ്ങളും പൊതു ജനത്തിന് കൈമാറാന്‍ കഴിയില്ലെന്നും സോമനാഥന്‍ പിള്ള മീഡിയവണിനോട് പറഞ്ഞു.

നിയമം നോക്കിയേ വിവരാവകാശ കമ്മിഷണർക്ക് പ്രവർത്തിക്കാൻ കഴിയൂ. ഡി.പി.ആർ പുറത്തുവിടരുതെന്ന് സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സിൽവർ ലൈനിന്‍റെ വിശദ പദ്ധതിരേഖ പുറത്തുവിടാൻ കഴിയില്ലെന്ന് കെ-റെയിൽ എം.ഡി അജിത് കുമാർ നേരത്തെ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിൻറെ വാദം. അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വിവരാകാശ കമ്മീഷണർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

കെ-റെയിലിൻറെ വിശദപദ്ധതി രേഖ പുറത്തുവിടണമെന്ന ആവശ്യമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ജനങ്ങൾക്ക് നിരവധി സംശയങ്ങളുള്ള പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടാൻ സർക്കാർ എന്തിന് മടിക്കുന്നുവെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. എന്നാൽ ഡി.പി.ആർ പുറത്ത് വിടാൻ കഴിയില്ലെന്നാണ് കെ റെയിലിന്‍റെ നിലപാട്. ഡി.പി.ആർ എന്നത് കെ.റെയിലിന്‍റെ സാങ്കേതിക വാണിജ്യ രേഖയാണ്.പദ്ധതിയുടെ കേരള സർക്കാർ അംഗീകരിച്ച അലൈൻമെന്റ് വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും അടക്കമുള്ള വാദങ്ങളാണ് കെ.റെയിൽ മുന്നോട്ട് വെക്കുന്നത്.

അതേ സമയം കെ റെയിൽ പദ്ധതിയിൽ മൂന്ന് ജില്ലകളിൽ കൂടി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർകോഡ് ജില്ലകളിലാണ് പഠനം നടത്തുക.തിരുവനന്തപുരത്തും കാസർകോഡും പഠനം നടത്തുന്നത് കേരള വൊളന്ററി ഹെൽത്ത് സർവീസസ് ആണ്. രാജഗിരി ഔട്ട്‌റീച്ച് സൊസൈറ്റിക്കാണ് എറണാകുളം ജില്ലയിലെ ചുമതല. കണ്ണൂരിൽ സാമൂഹികാഘാത പഠനം നടത്താനുളള വിജ്ഞാപനം നേരത്തെ ഇറങ്ങിയിരുന്നു.

TAGS :

Next Story