Quantcast

കെ റെയിൽ: ഹരജിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ് ഹൈക്കോടതി

നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ പദ്ധതിക്ക് തയാറെടുത്തതെന്ന് കോടതി

MediaOne Logo

Web Desk

  • Updated:

    2022-01-20 08:00:29.0

Published:

20 Jan 2022 7:00 AM GMT

കെ റെയിൽ: ഹരജിക്കാരുടെ ഭൂമിയിലെ സർവേ തടഞ്ഞ് ഹൈക്കോടതി
X

കെ റെയിൽ പദ്ധതിയെ എതിർത്ത് ഹരജി നൽകിയവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു.അടുത്ത സിറ്റിങ് വരെയാണ് സർവേ തടഞ്ഞത്. ഡി.പി.ആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്തമാസം ഏഴിലേക്ക് മാറ്റിവെച്ചു. ഇതുവരെ സർവേ നടപടികൾ നിർത്തിവെക്കും.

ഏകദേശം 10 ഓളം ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണയിലുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയാറാക്കിയത്, ഏരിയൽ സർവേയുടെ അടിസ്ഥാനത്തിൽ ഡി.പി.ആർ തയാറാക്കിയത് നിയമപരമാണോ, നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണോ സർക്കാർ പദ്ധതിക്ക് തയാറെടുത്തത്, സർവേ നടത്തുമുമ്പേ തന്നെ ഡിപിആർ തയ്യാ റാക്കിയോ, സർവ്വേ പൂർത്തിയാകാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകും, നേരിട്ടെത്തി സർവേ നടത്താതെയുളള ഡി.പി.ആർ എങ്ങനെയാണ് നിലനിൽക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു കോടതി ചോദിച്ചത്. സിൽവർ ലൈന് കേന്ദ്ര സർക്കാരിൽ തിന്ന് തത്വത്തിൽ അനുമതി കിട്ടി. ഏരിയൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയാറാക്കിയത്. പദ്ധതിമേഖലയിൽ നേരിട്ടെത്തിയുളള സർവേ തുടരുകയാണ്. സാമൂഹികാഘാത പഠനത്തിനാണ് സർവേ , ഭൂമി ഏറ്റെടുക്കലിനല്ലെന്നുമായിരുന്നു സർക്കാർ ഇതിന് മറുപടി നൽകിയത്. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുൻപ് സർവേ തീർക്കണമായിരുന്നു എന്നും കോടതി സർക്കാരിനെ ഓർമിപ്പിച്ചു .

സംസ്ഥാനം സമർപ്പിച്ച ഡി.പി.ആർ പരിശോധിക്കുകയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതേ സമയം ഹൈക്കോടതിയുടെ പരാമർശങ്ങൾ മറയാക്കി ജനങ്ങൾ അടയാള കല്ലുകൾ പിഴുതിടുകയാണെന്ന് കെ റെയിൽ കോടതിയെ അറിയിച്ചു. അടയാളക്കല്ലുകളിൽ ആളുകൾ റീത്ത് വെക്കുകയാണെന്നും സർക്കാർ പറഞ്ഞു.

TAGS :

Next Story