കെ റെയിൽ: സി.പി.എം ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് മേധാ പട്കർ
"കേരളത്തിനു പുറത്ത് വമ്പൻ പദ്ധതികൾക്കെതിരെ സമരം നടത്തുന്ന സി.പി.എം കെ റെയിൽ പദ്ധതിയിലൂടെ ഇരട്ടത്താപ്പ് കാണിക്കുന്നു"
കേരളത്തിനു പുറത്ത് വമ്പൻ പദ്ധതികൾക്കെതിരെ സമരം നടത്തുന്ന സി.പി.എം കെ റെയിൽ പദ്ധതിയിലൂടെ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് നർമദ ബചാവോ ആന്തോളൻ സമര നായിക മേധാ പട്കർ. പദ്ധതി സംബന്ധിച്ച് കോർപ്പറേറ്റുകളുടെ പാരിസ്ഥിതിക ആഘാത പഠനം സ്വീകാര്യമല്ലെന്നും മേധാ പട്കർ അറിയിച്ചു. തൃശൂരിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മേധാ പട്കർ.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമൊക്കെ വലിയ പദ്ധതികൾക്ക് വേണ്ടി കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന പാർട്ടികളിലൊന്നാണ് സി.പി.എം. എന്നാൽ ഭരണം നടത്തുന്ന കേരളത്തിൽ അവർ വൻ പദ്ധതിക്കൾക്കായി നിലകൊള്ളുന്നുവെന്നത് വിരോധാഭാസമാണെന്ന് മേധാ പട്കർ പറഞ്ഞു. ജനകീയ സമരങ്ങളെ ഭയന്ന് വളഞ്ഞ വഴിയിലൂടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ജന പ്രതിനിധികളെ ഉൾപ്പെടുത്തി ജനകീയ ഗ്രാമ സഭകളുടെ ഇടപെടലിലൂടെ പദ്ധതി സംബന്ധിച്ച പഠനങ്ങൾ നടത്തണം. മഹാ പ്രളയത്തിൽ നിന്നും പാഠം ഉൾക്കൊള്ളാത്ത സംസ്ഥാന സർക്കാർ കേരളത്തിനു മറ്റൊരു വെല്ലുവിളിയാണ് കെ റെയിൽ പദ്ധതിയിലൂടെ ഉയർത്തുന്നതെന്നും അവർ പറഞ്ഞു.
തൃശൂർ റീജിയണൽ തീയറ്ററിൽ നടന്ന കെ റെയിൽ ഇരകൾക്കൊപ്പം എന്ന പരിപാടിയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.
Adjust Story Font
16