കെ-റെയിലിൽ സാധാരണക്കാരുടെ സംശയങ്ങൾക്ക് സർക്കാരിന് ഉത്തരമില്ല- തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ്
താങ്ങുവില നിശ്ചയിക്കുന്നതടക്കം കർഷകരുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്തതെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി: സിൽവർലൈൻ വിഷയത്തിലുള്ള അവ്യക്തതയും ആശങ്കയും പരിഹരിക്കണമെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കുറ്റിയിടുന്ന കാര്യത്തിലടക്കം സാധാരണക്കാരുടെ സംശയങ്ങൾക്ക് സർക്കാരിന് ഉത്തരമില്ല. കേരളത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന പദ്ധതിയായി കെ-റെയിൽ മാറുമോ എന്നാണ് പേടിയെന്നും മാർ ജോസഫ് പാംപ്ലാനി മീഡിയവണിനോട് പറഞ്ഞു.
കർഷകരെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല. താങ്ങുവില നിശ്ചയിക്കുന്നതടക്കം കർഷകരുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്തത്. സംഘടിതരാവാത്തതാണ് കർഷകരുടെ പ്രശ്‌നമെന്നും കർഷകസമരങ്ങൾക്ക് സഭ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലശ്ശേരി അതിരൂപതയുടെ നാലാമത്തെ മെത്രാനായാണ് മാർ ജോസഫ് പാംപ്ലാനി ഇന്ന് ചുമതലയേറ്റത്. ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് പാംപ്ലാനിയുടെ നിയമനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താമസിക്കുന്ന മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് തലശ്ശേരി അതിരൂപത.
Summary: Government does not answer the doubts of the common people on K-Rail, says newly appointed Archbishop of Archdiocese of Tellicherry Mar Joseph Pamplany
Adjust Story Font
16