കെ.റെയിൽ പദ്ധതി നാടിന് ഗുണകരമല്ല- ഇ.ശ്രീധരൻ
അഞ്ചുകൊല്ലത്തിനിടയിൽ സ്ഥലമേറ്റെടുക്കൽ പോലും പൂർത്തിയാകില്ല
കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊങ്കൺ റെയിൽവെയുടെ ആദ്യഘട്ടം മുതൽ ഞാനുണ്ടായിരുന്നു. അന്ന് സ്ഥലമേറ്റെടുക്കാൻ സുഖമായിരുന്നു. എന്നിട്ടും പദ്ധതി പൂർത്തിയാകാൻ ഏഴ് വർഷമെടുത്തു. ഒന്നല്ല, 10 ശ്രീധരൻന്മാരെ വെച്ചാലും ഈ പദ്ധതി പൂർത്തിയാകാൻ 10 കൊല്ലത്തിനുമേൽ സമയമെടുക്കും. അഞ്ചുകൊല്ലത്തിനിടയിൽ സ്ഥലമേറ്റെടുക്കൽ പോലും പൂർത്തിയാകില്ല.
വീരവാദങ്ങളോ വ്യാജ വാഗ്ദാനങ്ങളോ നൽകിയിട്ട് കാര്യമില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ടമുഴുവൻ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും എന്നെ സമീപിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നും ഇ.ശ്രീധരൻ പറഞ്ഞു.
Adjust Story Font
16