Quantcast

'സമ്പൂർണ ഹരിതപദ്ധതി'; കെ റെയിലുമായി മുമ്പോട്ടെന്ന് മുഖ്യമന്ത്രി

"കേരളത്തിൽ ജീവിക്കുന്ന ഏതൊരാളും കെ റയിലിനെ അനുകൂലിക്കുകയാണ് ചെയ്യുക"

MediaOne Logo

Web Desk

  • Updated:

    2021-11-30 12:44:42.0

Published:

30 Nov 2021 12:34 PM GMT

സമ്പൂർണ ഹരിതപദ്ധതി; കെ റെയിലുമായി മുമ്പോട്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പാതയിൽ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉൾപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുമ്പിൽ എൽഡിഎഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷം പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

'പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂർണ ഹരിതപദ്ധതിയാണ്. ആളുകൾ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതിൽ കുറയ്ക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ തോതിലുള്ള കുറവാണ് പദ്ധതി പൂർത്തീകരിക്കുന്നതോടെ സംഭവിക്കാൻ പോകുന്നത്. നാം കാണേണ്ടതും ശ്രദ്ധിക്കേണ്ടതും എടുത്തു പറയേണ്ടതും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഈ പാത ഒരിടത്തും പരിസ്ഥിതി ലോലപ്രദേശമെന്ന് കണക്കാക്കിയതിലൂടെ മുമ്പോട്ടു പോകുന്നില്ല.' - മുഖ്യമന്ത്രി പറഞ്ഞു.

'തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റയിൽപ്പാത സ്വാഗതാർഹമാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. അതിന്റെ ഭാഗമായാണ് അതിന്റെ 49 ശതമാനം ഓഹരി റെയിൽവേയും 51 ശതമാനം സംസ്ഥാന സർക്കാറും എടുത്തു കൊണ്ടുള്ള കമ്പനി രൂപീകരിച്ചത്. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാകും. പൂർത്തീകരണ വേളയിൽ പതിനൊന്നായിരത്തോളം പേർക്ക് തൊഴിലുണ്ടാകും. പദ്ധതിയിൽ ഇതിന് വേണ്ട തുകകൾ വകയിരുത്തിയിട്ടുണ്ട്. ഭൂമി നാട്ടിൽ കുറവാണ് എന്നുള്ളത് കൊണ്ട് അത് ഏറ്റെടുക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രയാസങ്ങളുണ്ട്. നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താൻ കഴിയുന്ന റെയിൽ പദ്ധതി നമ്മുടെ നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. ഭാവി വികസനത്തിന് വലിയ തോതിൽ സഹായകമായി മാറും. അതിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നൽകും. അതിന് വകയിരുത്തിയത് 7075 കോടി രൂപയാണ്. പദ്ധതി പ്രദേശങ്ങളിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും. അതിന് മതിയായ നഷ്ടപരിഹാരം നൽകണം. അതിനായി 4460 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുനരിധിവാസത്തിനായി 1730 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ അതിന്റെ ഭാഗമായി വിഷമം അനുഭവിക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും ഉറപ്പുവരുത്തിയിട്ടുണ്ട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

'കേരളത്തിൽ ജീവിക്കുന്ന ഏതൊരാളും കെ റയിലിനെ അനുകൂലിക്കുകയാണ് ചെയ്യുക. ജനങ്ങൾ അനുകൂലിച്ചു. പക്ഷേ, ഇപ്പറഞ്ഞ വിഭാഗം (പ്രതിപക്ഷം) തുടക്കം മുതലേ അതിനെ എതിർത്തു. മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണ്, എവിടുന്നു പണം കിട്ടാനാണ്, ഒന്നും നടക്കാൻ പോകുന്നില്ല എന്നാണ് ആദ്യം പറഞ്ഞത്. നടക്കുമെന്നായപ്പോൾ അതിനെതിരെ രംഗത്തുവന്നു. നടന്ന ചില കാര്യങ്ങളെ കുറിച്ച് പരസ്യമായ എതിർപ്പ് രേഖപ്പെടുത്തി. പക്ഷേ, അതിനോടൊന്നും ജനങ്ങൾ ഒരുതരത്തിലുള്ള ആഭിമുഖ്യവും കാണിച്ചില്ല. അങ്ങനെയാണ് വിഭാവനം ചെയ്ത അമ്പതിനായിരം കോടിക്ക് പകരം അറുപതിനായിരം കോടി രൂപയുടെ പദ്ധതികൾക്ക് രൂപ രേഖ തയ്യാറാകുന്നത്. പലതും നടപ്പായിക്കഴിഞ്ഞു.' മുഖ്യമന്ത്രി പറഞ്ഞു.

ചില നിക്ഷിപ്ത താത്പര്യക്കാർ തെരഞ്ഞെടുപ്പിന് ശേഷവും സർക്കാറിനെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. 'നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എങ്ങനെയെങ്കിലും എൽഡിഎഫിനെ താഴെയിറക്കണമെന്ന ആഗ്രഹത്തോടെ കേരളത്തിലെ ചില നിക്ഷിപ്ത ശക്തികൾ ഒത്തു ചേർന്നു പ്രവർത്തിക്കുന്നതായി നമ്മൾ കണ്ടു. യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫയർ പാർട്ടിയും ഒന്നായി നിന്നുകൊണ്ട് എൽഡിഎഫിനെ താഴെയിറക്കാനുള്ള ശ്രമമാരംഭിച്ചു. ബിജെപി കൂടെയുള്ളതു കൊണ്ട് കേന്ദ്ര ഏജൻസികളിൽ പലതിനെയും നെറികെട്ട രീതിയിൽ ഇവിടെ ഉപയോഗിക്കുന്നതും കണ്ടു. എന്നാൽ കേരളത്തിലെ ജനങ്ങൾ ഈ കൂട്ടുകെട്ടിനോട് ഒപ്പം നിന്നില്ല. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ആകാവുന്ന എല്ലാ ശ്രമവും നടത്തി. ഇവിടെ തീർന്നു എൽഡിഎഫ് എന്ന് അവർ ഉറപ്പിച്ചു. കേരളത്തിന്റെ സാധാരണ രീതി അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറലാണ്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുമ്പു തന്നെ കേരളത്തിലെ ജനങ്ങൾ അവരുടേതായ തീരുമാനം ഇക്കാര്യത്തിൽ എടുത്തു കഴിഞ്ഞിരുന്നു. ചരിത്രവിജയം എൽഡിഎഫ് നേടുകയും ചെയ്തു.' - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'വികസന നേട്ടങ്ങളാണ് എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിന് ഇടയാക്കിയത്. കേരളം ഒരിഞ്ചു മുമ്പോട്ടുപോകത്തക്ക രീതിയിലുള്ള ഒരു കാര്യവും ഇവിടെ നടക്കാൻ പാടില്ല എന്നവർ തീരുമാനിച്ചു. എൽഡിഎഫ് സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിടണം. ആ തീരുമാനത്തിൽ ഇവരെല്ലാവരും ഒന്നിച്ചു നിന്നു. സാധാരണ അവിശുദ്ധ കൂട്ടുകെട്ടും അവസരവാദ സഖ്യവും തെരഞ്ഞെടുപ്പിന്റെ കാലത്താണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത് തെരഞ്ഞെടുപ്പിന് ശേഷം സജീവമായി തുടരുകയാണ്. കോൺഗ്രസും മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരേസ്വരത്തിൽ നമ്മുടെ നാടിന്റെ വികസനത്തിന് എതിരെ സംസാരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്' - മുഖ്യമന്ത്രി പറഞ്ഞു.

Summary: Chief Minister Pinarayi Vijayan said that he will go ahead with the K Rail project. The CM said that nowhere in the road from Thiruvananthapuram to Kasargod is the ecologically sensitive area included.

TAGS :

Next Story