'ചെങ്ങന്നൂരിലെ കെ-റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെ'; മന്ത്രി സജി ചെറിയാന്‍
സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും മന്ത്രി
ചെങ്ങന്നൂരിലെ കെ-റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയെന്ന് മന്ത്രി സജി ചെറിയാന്‍. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും രംഗത്ത് എത്തി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.
Adjust Story Font
16