കല്ലിടൽ നിർത്തിവെക്കില്ല, ഇപ്പോള്‍ ആരുടെയും ഭൂമി ഏറ്റെടുക്കില്ല- കെ-റെയില്‍ എം.ഡി
സാമൂഹിക ആഘാത പഠനത്തിന് കല്ലിടൽ എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എംഡിക്കായില്ല
സസ്ഥാനത്താകെ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും കല്ലിടൽ നിർത്തിവെക്കില്ലെന്ന് കെ റെയിൽ എംഡി വി.അജിത്ത് കുമാർ. ഭൂമി ഏറ്റെടുക്കൽ നടപടികളല്ല, മറിച്ച് സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാനാവൂ എന്ന് കെ റെയിൽ എംഡി പറഞ്ഞു.
കല്ല് പിഴുതെടുത്ത സ്ഥലങ്ങളിൽ വീണ്ടും കല്ലിടേണ്ടതുണ്ട്. ഇപ്പാൾ നടക്കുന്ന കല്ലിടലിന് ഹൈക്കോടതിയുടെ അനുമതി കൂടി ഉണ്ട്. കേരളത്തിൽ എല്ലാ പദ്ധതികളുടെയും സാമൂഹികാഘാത പഠനത്തിന് കല്ലുകൾ ഇടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സാമൂഹിക ആഘാത പഠനത്തിന് കല്ലിടൽ എന്തിനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എംഡിക്ക് ആയില്ല. കെ റെയിൽ നഷ്ടപരിഹാരം ഘട്ടം ഘട്ടമായാണ് നൽകുക. നഷ്ടപരിഹാരത്തിന്റെ 40 ശതമാനം പദ്ധതി പൂർത്തിയായ ശേഷം കൊടുത്താൽ മതി. ഇഷ്ടമുള്ളവർക്കത് ബോണ്ടാക്കിമാറ്റാം. അക്കാര്യങ്ങളെല്ലാം ഡിപിആറിൽ പറയുന്നുണ്ടെന്നും അജിത്ത് കുമാർ പറഞ്ഞു. എന്നാൽ അലൈൻമെന്റ് മാറാൻ ഇനിയും സാധ്യതുണ്ട് ഫൈനൽ അലൈൻമെന്റിൽ ഇനിയും മാറ്റം വരുമെന്നും എംഡി കൂട്ടിച്ചേർത്തു.
അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.
Adjust Story Font
16