ശബരീനാഥൻ ഇന്ന് വലിയതുറ പൊലീസ് സ്റ്റേഷനിൽ ഹാജരാകും
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ പ്രതിഷേധ കേസിലെ ചോദ്യംചെയ്യലിനാണ് ഹാജരാകുക.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ് ശബരീനാഥൻ ഇന്ന് വലിയതുറ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ പ്രതിഷേധ കേസിലെ ചോദ്യംചെയ്യലിനാണ് ഹാജരാകുക.
ഇന്നലെ ചോദ്യംചെയ്യലിനായി വിളിച്ചു വരുത്തിയ ശബരീനാഥനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. തുടർച്ചയായി മൂന്ന് ദിവസം ചോദ്യംചെയ്യലിനായി ഹാജരാകണം, ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം, 50,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരീനാഥനൊപ്പം മറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളെയും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷാഫി പറമ്പിൽ എംഎൽഎയുടെ മൊഴിയെടുക്കാനും നീക്കമുണ്ട്.
സർക്കാരിനേറ്റ പ്രഹരമാണ് കോടതി ഉത്തരവെന്ന് ശബരീനാഥൻ മീഡിയവണിനോട് പറഞ്ഞു. താൻ കൂടി ചർച്ച ചെയ്താണ് വിമാനത്തിലെ പ്രതിഷേധം ആസൂത്രണം ചെയ്തത്. അത് നിയമാനുസൃതമായ പ്രതിഷേധമായിരുന്നു. സ്ക്രീൻഷോട്ട് പുറത്തു വന്നതിൽ നേതൃത്വം ചർച്ച ചെയ്തത് തീരുമാനമെടുക്കുമെന്നും ശബരീനാഥൻ പറഞ്ഞു.
വഞ്ചിയൂർ കോടതിയാണ് ശബരീനാഥന് ജാമ്യം അനുവദിച്ചത്. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ശബരീനാഥൻ ഗൂഢാലോചനയിൽ ഭാഗമായതിന്റെ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വിമാനത്തിലുണ്ടായ നാടകങ്ങളുടെയെല്ലാം തുടക്കം ശബരിയുടെ സന്ദേശമാണ്. മുഖ്യമന്ത്രിക്കെതിരായ അതിക്രമത്തിന്റെ മാസ്റ്റർ ബ്രെയിൻ ശബരിയാണ്. ഫോൺ കിട്ടിയാൽ മാത്രമേ മറ്റാർക്കൊക്കെ പങ്കുണ്ടെന്ന് വ്യക്തമാവുകയുള്ളൂ എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബരീനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. റിമാൻഡ് റിപ്പോർട്ടിനൊപ്പം കസ്റ്റഡി അപേക്ഷയും സമർപ്പിച്ചു.
എന്നാൽ സ്‌ക്രീൻ ഷോട്ട് അല്ലാതെ വേറെ എന്ത് തെളിവാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. കസ്റ്റഡി ആവശ്യപ്പെടുന്നത് ഈ ഒരു സ്‌ക്രീൻ ഷോട്ടിന്റെ പിൻബലത്തിൽ അല്ലേയെന്നും കോടതി ചോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
Adjust Story Font
16