'വാട്സ് ആപ്പില്‍ ചോദ്യം തരുന്നതാരാ? എകെജി സെന്‍ററില്‍ നിന്നാണോ?' മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സുധാകരന്‍
'പത്രക്കാര്‍ പത്രക്കാരുടെ പണിയെടുക്ക് മിസ്റ്റര്‍. നിങ്ങള്‍ പേടിപ്പിക്കുകയൊന്നും വേണ്ട. പേടിക്കുന്ന ആളൊന്നുമല്ല ഞാന്‍'
മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കെ സുധാകരന്‍. ചോദിക്കാനുള്ള ചോദ്യം ആരാ തരുന്നത് എകെജി സെന്‍ററില്‍ നിന്നാണോ എന്ന് ചോദിച്ചാണ് കെ സുധാകരന്‍ ക്ഷുഭിതനായത്.
"നിങ്ങള്‍ക്ക് വാട്സ് ആപ്പില്‍ ചോദ്യം തരുന്നത് ആരാ? എകെജി മന്ദിരത്തില്‍ നിന്നാ? അഴീക്കോട് മന്ദിരത്തില്‍ നിന്നാ? ആരാ തരുന്നത്? പത്രക്കാര്‍ പത്രക്കാരുടെ പണിയെടുക്ക് മിസ്റ്റര്‍. മാധ്യമപ്രവര്‍ത്തനം നടത്ത്. നിങ്ങള്‍ പേടിപ്പിക്കുകയൊന്നും വേണ്ട. അത് വേറെ വെച്ചാല്‍ മതി. പേടിക്കുന്ന ആളൊന്നുമല്ല. മനസ്സിലായില്ലേ? സ്വയം ബുദ്ധിക്ക് ചോദ്യംചോദിക്ക്. സിപിഎമ്മിന്‍റെ ഓഫീസില്‍ നിന്നുള്ള ചോദ്യത്തിന് ഞാന്‍ ഉത്തരം പറയണോ? ബിജെപിയുമായി ബന്ധം എനിക്കല്ല. സിപിഎമ്മിനാണ്. എവിടെയാ സിപിഎം ബിജെപിയെ എതിര്‍ക്കുന്നത്? ബിജെപിയില്‍ നിന്നും സകല ആനുകൂല്യവും പറ്റി മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും".
മുഖ്യമന്ത്രിയോട് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമൊന്നുമില്ല. അക്രമത്തിനോടാണ് എതിര്‍പ്പ്. എന്‍റെ പത്ത് ഇരുപത്തെട്ട് കുട്ടികളെ വെട്ടിനുറുക്കി കൊന്നപ്പോള്‍ വിങ്ങിപ്പോയ മനസ്സുമായി നിന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വികാരമുണ്ടാകും. തിരിച്ച് പിണറായി വിജയന്‍റെ, സിപിഎമ്മിന്‍റെ പത്താളുകളെ കൊന്നുകളയാമെന്ന് വിചാരിച്ചിട്ടില്ല. താന്‍ അക്രമിയല്ല. കൊലപാതകിയാകാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ചടിച്ചിട്ടില്ല. തിരിച്ചുകൊന്നിട്ടില്ലെന്നും സുധാകരന്‍ അവകാശപ്പെട്ടു.
Adjust Story Font
16