കെ ഫോണ്‍: 'കാരണഭൂതനും ബന്ധുക്കള്‍ക്കും കോടികള്‍ കയ്യിട്ടുവാരാനുള്ള മറ്റൊരു പദ്ധതി'- കെ.സുധാകരൻ
2017ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവര്‍ ശതകോടികള്‍ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടുവെന്നും സുധാകരന്‍ പറഞ്ഞു
കെ.സുധാകരൻ
തിരുവനന്തപുരം: അതിവേഗ കേബിള്‍ നെറ്റ്‌വര്‍ക്കും 5ജി സിമ്മും ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ശതകോടികള്‍ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
'2017ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവര്‍ ശതകോടികള്‍ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനം 14,000 ആക്കി ചുരുക്കിയിട്ടും അതുപോലും നല്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സംസ്ഥാനമൊട്ടാകെ വ്യാപകമായ 5ജി സേവനദാതാക്കള്‍ സെക്കന്‍ഡില്‍ 1009 മെഗാബൈറ്റ് വേഗത നല്‍കുമ്പോള്‍ കെ ഫോണ്‍ കാളവണ്ടിപോലെ 15 മെഗാബൈറ്റ് വേഗത മാത്രം ലഭ്യമാക്കി ഉപയോക്താക്കളെ വിഡ്ഢികളാക്കുന്നു. ആനുകാലിക പ്രസക്തിയില്ലാത്ത ഈ പദ്ധതി നടപ്പാക്കിയത് വെട്ടിപ്പിനു വേണ്ടി മാത്രമാണ്'.
എഐ ക്യാമറയിലെ എസ്ആര്‍ഐടി, പ്രസാദിയോ തുടങ്ങിയ തട്ടിപ്പുസംഘം മൊത്തത്തോടെ കെ ഫോണ്‍ പദ്ധതിയിലും അണിനിരന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഇതിന്റെയും സൂത്രധാരന്‍. അതിന്റെയും മുകളില്‍ എല്ലാം നിയന്ത്രിക്കുന്ന കാരണഭൂതനുമുള്ളതുകൊണ്ടാണ് ഈ തട്ടിപ്പു പദ്ധതി യാഥാര്‍ത്ഥ്യമായതു തന്നെ. കേരളത്തെ മൊത്തത്തില്‍ ഈ സംഘം പണയംവച്ചിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.
Adjust Story Font
16