Quantcast

'മലയാളത്തിന്റെ ഹൃദയപക്ഷത്തിന്റെ രണ്ടക്ഷരമായിരുന്നു എം.ടി'; അനുശോചനം രേഖപ്പെടുത്തി കെ. സുധാകരൻ എംപി

മനുഷ്യസ്‌നേഹത്തിന്റെ കഥകൾ മനുഷ്യഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനെന്ന് കെ.സി വേണുഗോപാൽ

MediaOne Logo

Web Desk

  • Published:

    25 Dec 2024 6:18 PM GMT

മലയാളത്തിന്റെ ഹൃദയപക്ഷത്തിന്റെ രണ്ടക്ഷരമായിരുന്നു എം.ടി; അനുശോചനം രേഖപ്പെടുത്തി കെ. സുധാകരൻ എംപി
X

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എന്ന് കെ. സുധാകരൻ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി.

' ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു. ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാർ ഏറ്റെടുത്തത്. വൈകാരിക സംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലർത്തിയ സാഹിത്യകാരനാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികൾ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരൻ എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണ്' എന്നും കെ.സുധാകരൻ പറഞ്ഞു.

മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

'പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ അക്ഷരങ്ങളിലൂടെ പകർന്ന് നൽകിയ മലയാളത്തിന്റെ പുണ്യമായിരുന്ന എംടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു. എംടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. ഗുരുതര രോഗാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മകൾ അശ്വതിയെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു. ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടർമാരോടും ആശയവിനിമയം നടത്തിയിരുന്നു. ജീവിതത്തിലേക്ക് എം ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി.കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എംടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.' എന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞത്.

അതുല്യ പ്രതിഭയും മലയാള സാഹിത്യ തറവാട്ടിലെ കാരണവരുമായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ എം.എം ഹസൻ അനുശോചിച്ചു.

'അക്ഷരക്കൂട്ടുകൾ കൊണ്ട് മലയാള സാഹിത്യത്തിൽ ഇതിഹാസം തീർത്ത പ്രതിഭയായിരുന്നു എംടി. നാട്ടിൻ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത.തലമുറകളെ ആനന്ദിപ്പിച്ച അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ടത്. ജീവിതയാഥാർത്ഥ്യങ്ങളുടെ അകക്കണ്ണിലൂടെ ഒപ്പിയെടുത്ത അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പൊളുന്ന വേദനകളും സ്വാംശീകരിച്ച് ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും വായനക്കാരന്റെ ഉള്ളുലയക്കുന്നവയാണ്. നിളയുടെ കഥാകാരൻ കൂടിയായ എംടി വാസുദേവന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണ്' എന്നും എം.എം ഹസൻ പറഞ്ഞു.

TAGS :

Next Story