Quantcast

എതിര്‍പ്പ് പരിഹരിക്കാന്‍ കെ. സുധാകരന്‍; വി.എം സുധീരനെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തി

ഡി.സി.സി പ്രസിഡന്‍റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു വി.എം സുധീരന്‍റെ വിമര്‍ശനം.

MediaOne Logo

Web Desk

  • Updated:

    2021-08-15 11:32:57.0

Published:

15 Aug 2021 11:31 AM GMT

എതിര്‍പ്പ് പരിഹരിക്കാന്‍ കെ. സുധാകരന്‍; വി.എം സുധീരനെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തി
X

ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള അതൃപ്തി കോണ്‍ഗ്രസില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ നീക്കം തുടങ്ങി. അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് വി.എം സുധീരനുമായി സുധാകരൻ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ പട്ടികയിലെ വിയോജിപ്പ് സുധീരൻ അറിയിച്ചു.

വി.എം സുധീരന്‍റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി പ്രസിഡന്‍റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു വി.എം സുധീരന്‍റെ പരസ്യ പ്രതികരണം.

ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്ന് താനടക്കം മുൻ കെ.പി.സി.സി പ്രസിഡൻ്റുമാരെ പലരെയും ഒഴിവാക്കിയതായും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിന്‍റെ നട്ടെല്ലായ പ്രവർത്തകർക്കും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികൾക്കും സ്വീകാര്യരായ ഡി.സി.സി പ്രസിഡന്‍റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്. അതേസമയം, കേരളത്തിലെ പുതിയ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

TAGS :

Next Story