Quantcast

വർഗീയപ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസ് നിലപാട്-കെ. സുധാകരൻ

'അടിമുടി ക്രിമിനലുകളായ സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കും.'

MediaOne Logo

Web Desk

  • Published:

    10 July 2023 4:56 PM GMT

Peoples concerns about guest workers should be addressed: K. Sudhakaran
X

കോഴിക്കോട്: മറുനാടൻ മലയാളി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രിംകോടതി വിധിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വർഗീയപ്രചാരണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തിയാൽ മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും കോൺഗ്രസ് ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ. സുധാകരന്റെ വിശദീകരണം. 'വർഗീയ-വ്യാജപ്രചാരണങ്ങൾ നടക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുകയും സർക്കാരിന്റെ അഴിമതികൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയും ചെയ്യുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രിംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണ്.'-സുധാകരൻ പറഞ്ഞു.

കള്ളപ്രചാരണങ്ങളും വർഗീയപ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം. ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ, അടിമുടി ക്രിമിനലുകളായ സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നില്ല.

പക്ഷേ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ നിലകൊള്ളും'

മഹാനായ ചിന്തകൻ വോൾട്ടയറുടേതെന്ന് ലോകം കരുതുന്ന ചിന്താശകലമാണിത്.

മാധ്യമ വേട്ടയ്‌ക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ ചില നവമാധ്യമങ്ങളിൽ കോൺഗ്രസിനെതിരെ ചെറിയ ചില പ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടു. ശരിയാണ്, കേരളത്തിലെ പല മാധ്യമങ്ങളും ഒരുകാലത്തും കോൺഗ്രസിന് ഒപ്പം നിന്നിട്ടില്ല. കോൺഗ്രസിനെതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരാണ് മാധ്യമങ്ങളിൽ പലതും.

പക്ഷേ മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്. അവർക്ക് തെറ്റ് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാനും നിയമനടപടികൾ എടുക്കാനും ഇവിടെയൊരു സംവിധാനമുണ്ട്. ഏതെങ്കിലും മാധ്യമങ്ങൾ വർഗീയപ്രചാരണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാട്.

എന്നാൽ, വർഗീയ-വ്യാജപ്രചാരണങ്ങൾ നടക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുകയും സർക്കാരിന്റെ അഴിമതികൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയും ചെയ്യുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രിംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണ്.

ആവർത്തിച്ചു പറയുന്നു, കള്ളപ്രചാരണങ്ങളും വർഗീയപ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം. ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ, അടിമുടി ക്രിമിനലുകളായ സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കും.

Summary: 'Congress's stand is that strong action should be taken against the media that spread communal hatred'; says KPCC president K. Sudhakaran

TAGS :

Next Story