രാജി സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ തള്ളി കെ.സുധാകരൻ
'ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല'
തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വാർത്തകൾ ചില മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ.സുധാകരൻ. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ടെന്നും സുധാകരൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ചു ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്. ഒരു പരിശോധനയും ഇല്ലാതെ ഇത്തരമൊരു വാർത്തനൽകിയതിന് പിന്നിൽ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് ഉള്ളതായി സംശയിക്കുന്നു. ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള എന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് മതേതരത്വത്തിന്റെ പ്രാധാന്യവും ജനാധിപത്യമൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്റെ വർത്തമാന കാല ആവശ്യകതയും ഊന്നിപറയാനായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രവർത്തകരെ സന്നദ്ധരാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ആ സന്ദേശങ്ങളെയെല്ലാം തമസ്‌കരിച്ചും തന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധിയെ വക്രീകരിച്ചും കേവലം സെക്കന്റുകൾ മാത്രം വരുന്ന ചില വാക്യങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ ഈ കത്ത് വിവാദമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നത്. ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുൽ ഗന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ല.
ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്. എന്നാൽ അതിന് ഘടകവിരുദ്ധമായി രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതിൽ നിന്ന് തന്നെ സാമാന്യ ബോധമുള്ള എല്ലാവർക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തകർച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം ഒരു വാർത്തയുടെ ബുദ്ധികേന്ദ്രം. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം ഇത്തരമൊരു വാർത്തയ്ക്ക് പിറകിലുണ്ട്. അത്തരം കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവർത്തകർ കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
Adjust Story Font
16