ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് കെ.സുധാകരന്‍
സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നേതാക്കൻമാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു
വൃത്തികെട്ട സംസ്കാരമുള്ള പാർട്ടിയാണ് കോൺഗ്രസെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ഇത്രയും അച്ചടക്കമില്ലാത്ത പാർട്ടി ലോകത്തെവിടെയും ഉണ്ടാകില്ല. സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന നേതാക്കൻമാരെ വേണമോയെന്ന് ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു. കോഴിക്കോട് ഡി.സി.സി നേതൃസംഗമത്തിലാണ് സുധാകരന്‍റെ പ്രതികരണം.
കാലം തന്ന ദൗർബല്യം പാർട്ടിയെ ബാധിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ ഇല്ലാത്തതും തിരിച്ചടിയായി. പാർട്ടിക്ക് വിധേയമാകാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്നും അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മൻ ചാണ്ടിയെ വെല്ലുവിളിക്കുന്നവർ എന്ത് കോൺഗ്രസുകാരാണ്. നേതാക്കൻമാരെ പോലും സമൂഹമാധ്യമങ്ങളിലൂടെ തെറി വിളിക്കുന്നു. ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് പാർട്ടിയെ കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുക. പ്രവർത്തകർക്ക് അച്ചടക്കം പഠിക്കാൻ കൈപുസ്തകം നൽകുമെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള പരിപാടികള്‍ ആരംഭിച്ചു. സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിട്ടുണ്ട്. വി.എം സുധീരന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. രാഷ്ട്രീയ കാര്യ സമിതി കൂടിയിട്ടുണ്ട്. കൂടുന്ന സമയത്ത് ആരും വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സണുമായി സാമ്പത്തിക ഇടപാടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മോന്‍സണ്‍ പെരുങ്കള്ളനാണ്. കച്ചവടത്തിനായി തന്‍റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയെ താങ്ങുന്നവരും മോന്‍സണെ കാണുന്നു. മോന്‍സണ്‍ പറയുന്നത് കള്ളമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16