Quantcast

'നാക്കുപിഴ ആർക്കും സംഭവിക്കാം'; സുധാകരന്റെ മറുപടിയിൽ സംതൃപ്തനാണെന്ന് താരിഖ് അൻവർ

'ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകി'

MediaOne Logo

Web Desk

  • Updated:

    2022-11-15 14:47:10.0

Published:

15 Nov 2022 9:17 AM GMT

നാക്കുപിഴ ആർക്കും സംഭവിക്കാം; സുധാകരന്റെ മറുപടിയിൽ സംതൃപ്തനാണെന്ന് താരിഖ് അൻവർ
X

ന്യൂഡല്‍ഹി: ആർഎസ്എസ് അനുകൂല പ്രസ്താവനയിൽ കെ.സുധാകരൻ വിശദീകരണം നൽകിയെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആർഎസ്എസിനെ പ്രകീർത്തിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്ന് സുധാകരൻ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ ഉണ്ടാകില്ലെന്ന് സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ട്. കെ. സുധാകരൻ നൽകിയ വിശദീകരണത്തിൽ സംതൃപ്തനാണെന്നും താരിഖ് അൻവർ വ്യക്തമാക്കി. കേരളാ നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുമായും സംസാരിക്കും. പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരൻ പറഞ്ഞു. നാക്കുപിഴ ആർക്കും സംഭവിക്കുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു.

അതേസമയം ഘടകകക്ഷികള്‍ക്ക് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും കെ.മുരളീധരനും സുധാകരന്റെ പ്രസ്താവനയില്‍ എതിർപ്പറിയിച്ചു. 'സുധാകരന്റെ പ്രസ്താവന ലാഘവത്തോടെ കാണുന്നില്ല. തുടർച്ചയായി നടത്തുന്ന പരാമർശങ്ങൾ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയിൽ ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയിട്ടുണ്ട്. നാക്ക് പിഴയാണെന്ന് സുധാകരൻ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിലെ ഏതെങ്കിലും ഘടകക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ലിത്'- സതീശൻ പറഞ്ഞു.

എന്നാൽ തിരുത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് കെ.മുരളീധരന്‍റെ പ്രതികരണം. ഘടകകക്ഷികൾക്കിടയിൽ ഇതു വലിയ വേദനയുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ അടിയന്തരമായി തിരുത്തൽ ഉണ്ടാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കൂടാതെ സംഘടന കോൺഗ്രസിൽ ഉണ്ടായിരുന്ന കാലത്ത് സുധാകരൻ ചെയ്ത കാര്യങ്ങളിൽ കോൺഗ്രസ് മറുപടി പറയേണ്ടതില്ല എന്ന് സംഘടന കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

സുധാകരൻറെ വാക്കുകളെ ന്യായീകരിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാട്. ലഘൂകരിക്കാതെ തള്ളിപ്പറയുന്നതാണ് പാർട്ടിക്കും മുന്നണിക്കും നല്ലതെന്നാണ് വിലയിരുത്തൽ. അതിനാലാണ് കോൺഗ്രസിൻറെ മതേതര സ്വഭാവത്തിൽ വെള്ളം ചേർക്കില്ലെന്ന വാക്കുകളോടെ വി.ഡി സതീശൻ സുധാകരൻറെ പരാമർശങ്ങളെ തള്ളിക്കളഞ്ഞത്. രാഷ്ട്രീയകാര്യ സമിതിയിലും കെപിസിസി അധ്യക്ഷൻറെ നിരന്തരമായ വിവാദ പ്രസ്താവനകൾ നേതാക്കൾ ഉന്നയിക്കും.

ഖേദ പ്രകടനത്തിനപ്പുറമുള്ള തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നു കഴിഞ്ഞു. ഘടകക്ഷികളെ സുധാകരൻ തന്നെ മുൻകൈ എടുത്ത് അനുനയിപ്പിക്കണമെന്ന നിർദേശം രാഷ്ട്രീയ കാര്യസമിതിയിൽ ഉണ്ടാവും. ലീഗ് അടക്കമുള്ള ഘടകക്ഷികളോട് തെറ്റ് ഏറ്റ് പറയുന്നതിന് പുറമേ ആവർത്തിക്കില്ലെന്ന ഉറപ്പ് കെ.സുധാകരൻ നേരിട്ട് നൽകും. ഇതിന് പുറമേ ഘടകക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ചയും നടത്തിയേക്കും. ഇങ്ങനെ വിവാദം മുന്നണിയിൽ തന്നെ അവസാനിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.

ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണമൊരുക്കാൻ താൻ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആർ അനുസ്മരണത്തിൽ സുധാകരൻ പറഞ്ഞത്. ഇന്നലെ ജവഹർ ലാൽ നെഹ്‌റു ശ്യാമപ്രസാദ് മുഖർജിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതടക്കം ഉന്നയിച്ച് ന്യായീകരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായത്.

സുധാകരന്റെ വിവാദ പരാമർശം ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈയാഴ്ച ചേരും. ആർഎസ്എസ് അനുകൂല പ്രസ്താവനക്കെതിരെ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

TAGS :

Next Story