Quantcast

ജനം നടുവൊടിച്ചു; ഇനി കേരളത്തിൽ ബിജെപി തലപൊക്കില്ല: കെ. സുധാകരൻ

പിണറായി സർക്കാരിനെതിരായ ജനവികാരം ഉപതെരഞ്ഞടുപ്പിൽ ആളിക്കത്തിയെന്നും സുധാകരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Nov 2024 9:46 AM GMT

K Sudhakaran statement against BJP
X

തിരുവനന്തപുരം: ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാർട്ടി കേരളത്തിൽ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ബിജെപിയുടെ വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. നഗരസഭയിലാണ് ഏറ്റവുമധികം ഇടിവുണ്ടായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല.

വർഗീയത വാരിവിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കൾവരെ പ്രചാരണത്തിനു വന്നിട്ടും പ്രയോജനമുണ്ടായില്ല. വർഗീയതയിലൂന്നിയുള്ള പ്രചാരണംകൊണ്ട് മഹാരാഷ്ട്രയിൽ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണമെന്നും സുധാകരൻ പറഞ്ഞു.

പിണറായി സർക്കാരിനെതിരായ ജനവികാരം ഉപതെരഞ്ഞടുപ്പിൽ ആളിക്കത്തിയിട്ടുണ്ട്. പാലക്കാട്ട് രാഹുൽ മാങ്കുട്ടത്തിൽ നേടിയ വൻഭൂരിപക്ഷം അതിന്റെ അളവുകോലാണ്. ചേലക്കരയിൽ 39,400 വോട്ടിന്റെ ലീഡിനെ മൂന്നിലൊന്നാക്കി ചുരുക്കാൻ രമ്യ ഹരിദാസിനു സാധിച്ചു. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച വൻ ഭൂരിപക്ഷം കോൺഗ്രസിന്റെ മതേതര, ജനാധിപത്യ ആശയങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഗാന്ധി കുടുംബത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.

TAGS :

Next Story