തീവ്രവാദിയായി മുദ്രകുത്തുന്നതിനെതിരെ ജലീൽ നിയമനടപടി സ്വീകരിച്ചാൽ കൂടെനിൽക്കും: കെ.സുധാകരൻ
ബി.ജെ.പിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ ഭയപ്പെടുന്നുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു.
K Sudhakaran
തിരുവനന്തപുരം: കെ.ടി ജലീലിനെ തീവ്രവാദിയായി മുദ്രകുത്തുന്നത് ഗൗരവതരമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജലീൽ രാഷ്ട്രീയമായി എതിർപക്ഷത്ത് നിൽക്കുന്ന ആളാണെങ്കിലും മുസ്‌ലിം പേരുള്ളതുകൊണ്ട് മാത്രം തീവ്രവാദിയാക്കുന്നതിനോട് യോജിക്കാനാവില്ല. നിലവിൽ ജലീലിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളാണ്.
ഭരണപക്ഷത്തെ എം.എൽ.എയെ തീവ്രവാദിയെന്ന് വിളിച്ചിട്ടും സി.പി.എം പുലർത്തുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണെന്നും സുധാകരൻ പറഞ്ഞു. ബി.ജെ.പിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ ഭയക്കുന്നുണ്ടാവും. മുസ് ലിം പേരിന്റെ പേരിൽ തീവ്രവാദിയായി മുദ്രകുത്തുന്നതിനെതിരെ ജലീൽ നിയമനടപടി സ്വീകരിച്ചാൽ കോൺഗ്രസ് കൂടെനിൽക്കുമെന്നും സുധാകരൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എൽഡിഎഫ് എംഎൽഎ കെ ടി ജലീലിനെ ബിജെപിയുടെ സംസ്ഥാനതല നേതാവ് തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്.
ജലീൽ രാഷ്ട്രീയമായി ഞങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനൽ പാർട്ടിയുടെ പുറമ്പോക്കിൽ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങൾക്ക് യാതൊരു അനുഭാവവുമില്ല. അയാൾ അധികാരത്തിലിരിക്കുമ്പോൾ നടത്തിയ ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒക്കെ കേരള സമൂഹത്തിന് വ്യക്തവുമാണ്. പക്ഷേ ഒരു മുസ്ലിം നാമധാരി ആയതിന്റെ പേരിൽ അയാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. നിലവിൽ ജലീലിന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളാണ്.
ഭരണപക്ഷത്തെ എംഎൽഎ - യെ തീവ്രവാദി എന്ന് വിളിച്ചിട്ടും സിപിഎം പുലർത്തുന്ന കുറ്റകരമായ മൗനം അത്ഭുതപ്പെടുത്തുന്നു.ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ പോലും ജലീൽ ഭയപ്പെടുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ കരുതുന്നുണ്ടാകും.
മുസ്ലിം പേരുണ്ടായി പോയതിന്റെ പേരിൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഈ വിഷയത്തിൽ നിയമനടപടികൾക്ക് ജലീൽ തയ്യാറായാൽ ധൈര്യം പകർന്നു നൽകാൻ കോൺഗ്രസ് ഉണ്ടാകും. പരാതി കൊടുത്തിട്ടും പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയർത്താനും കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകും.
Adjust Story Font
16