അണികളില്‍ ആവേശം നിറച്ച് സുധാകരന്‍; പക്വതയോടെ പ്രതികരിച്ചാല്‍ മതിയെന്ന് നേതാക്കള്‍
കണ്ണൂർ രാഷ്ട്രീയത്തിലെ പതിവ് ആയുധങ്ങൾ സംസ്ഥാന തലത്തിലാകെ പ്രയോഗിക്കുന്നത് നേട്ടമാകില്ലെന്ന് കോൺഗ്രസിന് അറിയാം
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ വിറങ്ങലിച്ച് നിന്ന കോൺഗ്രസ് അണികൾക്ക് ആവേശമായി മാറിയിട്ടുണ്ട് മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള പോര്. പക്ഷേ വാക്പോര് രാഷ്ട്രീയമല്ല, പക്വതയോടെയുള്ള നീക്കങ്ങളാണ് കോൺഗ്രസിന്‍റെ തിരിച്ചു വരവിന് അനിവാര്യമെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾക്കുള്ളത്. അതിനാൽ കെ സുധാകരനെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുമ്പോഴും കൂടുതൽ പ്രകോപനം സൃഷ്ടിക്കരുതെന്ന നിലപാടും കോൺഗ്രസിൽ ശക്തമാണ്.
99 സീറ്റുമായി തുടർ ഭരണം നേടിയ സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കുക എന്നതായിരുന്നു പ്രതിപക്ഷ നിലപാട്. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ആദ്യ നിയമസഭാ സമ്മേളനത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച പല ഘട്ടത്തിലും വാക് ഔട്ട് പോലും പ്രതിപക്ഷം ഒഴിവാക്കിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഈ സമീപനം ഒരു പരിധി വരെ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ കെ സുധാകരൻ - പിണറായി വിജയൻ വാക്പോരോടെ സാഹചര്യം മാറിമറിഞ്ഞു. സുധാകരനായി പ്രതിരോധം തീർക്കാനായി ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി.ഡി സതീശനും കളത്തിലിറങ്ങേണ്ടി വന്നു. പക്ഷേ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ തള്ളിക്കളയുമ്പോഴും കരുതലോടെയായിരുന്നു കോൺഗ്രസ് നേതാക്കളുടെ നീക്കം.
സർക്കാരിനെ വെട്ടിലാക്കിയ മരംമുറി വിവാദത്തിൽ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രി സുധാകരനെതിരെ തിരിഞ്ഞതെന്ന് സ്ഥാപിക്കാനായിരുന്നു അവരുടെ ശ്രമം. ഒപ്പം പതിറ്റാണ്ടുകൾ മുമ്പുള്ള കാര്യത്തിലെ ചർച്ച അപക്വമാണെന്ന് പറഞ്ഞ് വെക്കുക കൂടി ചെയ്തു ചില നേതാക്കൾ. സുധാകരനെ പ്രകോപിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റെയും ലക്ഷ്യമെന്ന വിലയിരുത്തലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്. അവർ അക്കാര്യം സുധാകരനുമായും പങ്ക് വെച്ചു.
കണ്ണൂർ രാഷ്ട്രീയത്തിലെ പതിവ് ആയുധങ്ങൾ സംസ്ഥാന തലത്തിലാകെ പ്രയോഗിക്കുന്നത് നേട്ടമാകില്ലെന്ന് കോൺഗ്രസിന് അറിയാം. സുധാകരന്‍റെ മറുപടിക്ക് തുടർ പ്രകോപനം ഉണ്ടായാൽ പക്വതയോടെ മറുപടി നൽകി കോൺഗ്രസ് വഴിമാറി നടക്കും. മരംമുറി അടക്കമുളള വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചും കോവിഡ് പ്രതിരോധത്തിലേയും വാക്സിൻ വിതരണത്തിലേയും പോരായ്മകൾ ചൂണ്ടിക്കാണിച്ചും മുന്നോട്ട് പോകാനായിരിക്കും വരുംദിവസങ്ങളിൽ കോൺഗ്രസ് ശ്രമം.
Adjust Story Font
16