'വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണം';പി.സി ജോർജിന്റെ പരാമർശത്തിനെതിരെ കെ. സുരേന്ദ്രൻ
അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും 2019ലെ സ്ഥാനാർഥിയേക്കാൾ മികച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ
തിരുവനന്തപുരം:പൊതു പ്രവർത്തകർ വാക്കുകൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കണമെന്നും അനിൽ ആൻറണിയെ അറിയാത്തവർ കേരളത്തിലില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.സി ജോർജിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയത്തിലെ നടപടികൾ കാത്തിരുന്നു കാണാമെന്നും പറഞ്ഞു. ഫേസ്ബുക്കിൽക്കൂടി എന്തെങ്കിലും വിളിച്ചുപറയുന്നവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അനിൽ ആന്റണി പത്തനംതിട്ടയിൽ ജയിക്കുമെന്നും 2019ലെ സ്ഥാനാർഥിയേക്കാൾ മികച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.
അതേസമയം, ലോകസ്ഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബാക്കി സ്ഥാനാർഥികളെയും ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് സുരേന്ദ്രൻ അറിയിച്ചു. ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണെന്നും പറഞ്ഞു. പ്രചാരണത്തിന് വീണ്ടുമെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ അത്ഭുതകരമായ മുന്നേറ്റം ഉണ്ടാക്കുമെന്നും ജയിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം മലയാളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ചികിത്സാ സഹായ വിവാദത്തിലും ബിജെപി അധ്യക്ഷൻ പ്രതികരിച്ചു. സുരേഷ് ഗോപിക്കെതിരെ ഈ പണി തുടങ്ങിയിട്ട് കുറെ കാലമായെന്നായിരുന്നു പ്രതികരണം.
കേരളത്തിലെ ജനങ്ങളെ കഷ്ടത്തിലാക്കിയ ബാലഗോപാലിനു തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തിന്റെ തലയ്ക്ക് ഓളമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കണക്ക് കൊടുക്കാതിരുന്നിട്ട് കൂടി കേന്ദ്രം കേരളത്തിന് പണം നൽകുന്നുണ്ടെന്നും ചോദിച്ചതെല്ലാം കേന്ദ്രം കൊടുക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ബാലഗോപാൽ രാജിവെച്ചിട്ട് വേറെ വല്ല പണിക്കും പോകണമെന്നും ഇടതുപക്ഷ സർക്കാരിന് തുടരാൻ അവകാശമില്ലെന്നും വിമർശിച്ചു.
Adjust Story Font
16