ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി കെ. സുരേന്ദ്രൻ
‘പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറി’
തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷ്യൻ കെ. സുരേന്ദ്രൻ തൃശ്ശൂർ ബിഷപ്പ് ഹൗസിലെത്തി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 20 മുതൽ 30 വരെ ബിജെപിയുടെ നേതൃത്വത്തിൽ സ്നേഹയാത്ര നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദർശനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് ഇരുവരും മധുരം പങ്കിട്ടു. കൂടാതെ 20 മിനിറ്റോളം ചർച്ച നടത്തുകയും ചെയ്തു.
യാത്രയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസുമായും കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. എം.കെ വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
ഡൽഹിയിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന് പ്രധാനമന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുടെ അംഗീകാരം സിബിസിഐ സ്വീകരിക്കുന്നുവെന്നും സിബിസിഐ പ്രസിഡന്റ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
ക്രൈസ്തവർ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞു. അതിലുള്ള വേദനയും അദ്ദേഹത്തെ അറിയിച്ചു. ഭരണഘടന അനുസരിച്ച് എല്ലാവരെയും ഉൾക്കൊള്ളിച്ച് വേണം ഭാരതത്തിന്‍റെ വളർച്ച കൈവരിക്കാൻ എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്.
ഞങ്ങൾ ക്ഷണിച്ചത് ബിജെപിയുടെ ആളെയല്ല, ഇന്ത്യൻ പ്രധാനമന്ത്രിയായാണ്. പ്രധാനമന്ത്രിയിൽനിന്നും പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. രാഷ്ട്രീയ പാർട്ടി നോക്കിയല്ല വിളിച്ചതെന്നും ബിഷപ്പ് വ്യക്തമാക്കി.
Adjust Story Font
16