സി.കെ പത്മനാഭന്റെ ബി.ജെ.പി വിമർശനം മാധ്യമസൃഷ്ടിയെന്ന് കെ. സുരേന്ദ്രൻ
കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നും എൻ.ഡി.എയ്‌ക്കെതിരെ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് സി.കെ പത്മനാഭൻ നടത്തിയ വിമർശനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ബി.ജെ.പി. സി.കെ.പി വിഷയം മാധ്യമസൃഷ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും അമിത പ്രാധാന്യം നൽകുകയാണെന്നും എൻ.ഡി.എയ്‌ക്കെതിരെ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സുരേഷ് ഗോപിക്കെതിരെ വ്യാജ പരാതിയുമായി വന്ന ചാനലാണ് സി.കെ പത്മനാഭന്റെ കാര്യം പറയുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സി.കെ.പി പറയാത്ത കാര്യങ്ങളാണു പ്രചരിപ്പിക്കുന്നത്. എല്ലാം മാധ്യമസൃഷ്ടിയാണ്. ബി.ജെ.പി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. കുഷ്ഠരോഗികളുടെ മനസാണ് മാധ്യമങ്ങൾക്കെന്നും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം ഗോപിയുടെ മകന്റെ വെളിപ്പെടുത്തലിനെ കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചു. മകന്റേതു വ്യാജപ്രചാരണമാണെന്ന് തെളിഞ്ഞു. സുരേഷ് ഗോപിക്കെതിരെ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നു. അരദിവസത്തെ ആയുസ്സ് പോലും ഈ വ്യാജപ്രചാരണങ്ങൾക്കില്ല. കള്ളപ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള സംവിധാനം എൻ.ഡി.എയ്ക്കുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേത്തു.
Summary: BJP Kerala state president K Surendran says senior leader CK Padmanabhan's criticism against the party leadership is a media fabrication.
Adjust Story Font
16