Quantcast

പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണം: കെ.സുരേന്ദ്രൻ

ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്ന് സുരേന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    21 May 2022 2:09 PM GMT

പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ സംസ്ഥാനം തയ്യാറാവണം: കെ.സുരേന്ദ്രൻ
X

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനദ്രോഹനയത്തിൽ നിന്നും സംസ്ഥാനം പിൻമാറിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തേക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് - ടാക്സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

അല്‍പ്പം മുമ്പാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചത്. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറച്ചത്. പെട്രോളിന്‍റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതൽ നിലവിൽ വരും.

രാജ്യത്ത് പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിലാണ് സർക്കാർ എക്‌സൈസ് തീരുവയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. അവശ്യസാധനങ്ങളുടെ വില വർധന കൂടിയായതോടെ സർക്കാറിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത്.


TAGS :

Next Story